District News
വെള്ളരിക്കുണ്ട്: ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വി. നാരായണൻ നായർ അനുസ്മരണവും തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.
ദീർഘകാലം ബളാൽ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന വി. നാരായണൻ നായരുടെ സേവനങ്ങളെ അനുസ്മരിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യപ്രഭാഷണം നടത്തി. സി.വി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി. ജോസഫ്, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ബിൻസി ജെയിൻ, വി. നാരായണൻ നായരുടെ മകളും ബളാൽ പഞ്ചായത്ത് പ്രസിഡന്റുമായ എ. ലത, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഷോബി ജോസഫ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജ്, വി. മാധവൻ നായർ, പി. രാഘവൻ, പി.സി. രഘുനാഥ്, ജോസഫ് വർക്കി, കെ. സുരേന്ദ്രൻ, സിബിച്ചൻ പുളിങ്കാല, ജോസ് വർഗീസ്, മനോഹരൻ ഇടത്തോട്, പി. പത്മവാതി, വി. സുകുമാരൻ നായർ, ജോസുകുട്ടി അറക്കൽ, പി. അരവിന്ദൻ എന്നിവർ പ്രസംഗിച്ചു.
District News
പനത്തടി: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാത നവീകരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി മോണിറ്ററിംഗ് കമ്മിറ്റി യോഗം ബളാംതോട് ക്ഷീരസംഘം ഹാളില്‍ ചേര്‍ന്നു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു.
കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ സി.ജെ. കൃഷ്ണൻ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ജയദീപ്, അസി. എൻജിനിയർ മധു വെള്ളിക്കോത്ത്, പഞ്ചായത്ത് അംഗം കെ.കെ. വേണുഗോപാൽ, ആർ. സൂര്യനാരായണ ഭട്ട്, ബി. അനിൽകുമാർ, അജിത്, കെ. ബാലൻ, ജി. ഷാജിലാൽ, കെ.യു. കൃഷ്ണകുമാർ, കെ.കെ. അശോകൻ, ഷാജു പോൾ, പ്രദീപ്കുമാർ, എം.വി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
നിർമാണ പ്രവൃത്തികള്‍ക്ക് ഇനിയും വേഗത കൈവന്നിട്ടില്ലെന്ന് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി. സംസ്ഥാന പാതയുടെ അതിർത്തി നിര്‍ണയിച്ച് കല്ലുകൾ സ്ഥാപിക്കാന്‍ പ്രത്യേക സർവേ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് കത്ത് നൽകാൻ തീരുമാനിച്ചു.
ബളാംതോട് ടൗണിലെ ലെവലിംഗ്, കോൺക്രീറ്റിംഗ് ജോലികള്‍ വിലയിരുത്തി. ബളാംതോട്-മാച്ചിപ്പള്ളി റോഡില്‍ ഓവുചാല്‍ ഗതാഗത തടസമുണ്ടാക്കുമെന്ന പരാതിയുയർന്ന സാഹചര്യത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ച് പരിഹാരം കണ്ടെത്താന്‍ തീരുമാനിച്ചു.
District News
ഇരിട്ടി: കേരളത്തോട് അതിർത്തി പങ്കിടുന്ന കർണാടകയുടെ കുടക് ജില്ലയിലും കാലം തെറ്റിയെത്തിയ മഴ കർഷകരെ കണ്ണീരിലാഴ്ത്തി. മഴയിൽ കുതിർന്ന് നിൽക്കുകയാണ് കാപ്പിയും കുരുമുളകും. ഇരുവിളകളും പറിച്ചെടുത്ത് ഉണക്കേണ്ട സമയത്താണ് മഴയെത്തിയത്. കുടകിൽ മൂന്ന് നാല് ദിവസമായി മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കഴിഞ്ഞ ദിവസം കനത്ത മഴകൂടി പെയ്തതോടെ എല്ലാം മഴയിൽ കുതിർന്നു. ഉണക്കാനിട്ട നെല്ലും കാപ്പിക്കുരുവും മഴയിൽ മുങ്ങി.
വലിയ കളങ്ങളിൽ ഉണങ്ങാനിട്ട വിളകൾ തൊഴിലാളികൾ കഠിനശ്രമത്തിലൂടെ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് മൂടാൻ ശ്രമിച്ചെങ്കിലും പകുതിയിലധികം ഉത്പന്നങ്ങളും മഴയിൽ മുങ്ങി. മഴ വീണ്ടും തുടർന്നാൽ മുഴുവൻ ഉത്പന്നങ്ങളും നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. വിളവെടുക്കാൻ പാകമായി നിൽക്കുന്ന കാപ്പിക്കുരു പറിച്ചെടുക്കാൻ കഴിയാതെ വീണുപോവുകയാണ്. മേഘാവൃതമായ കാലാവസ്ഥ കാരണം കഴിഞ്ഞ നാല് ദിവസമായി മലനാട് മേഖലയിലെ കർഷകർക്ക് കാപ്പി ഉണക്കുന്നത് വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഉണക്കാൻ വച്ച കാപ്പി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കർഷകരെ ആശങ്കപ്പെടുത്തുന്നു. മേഖലയിലെ കലാസ, കുദ്രേമുഖ്, മുദിഗരെ, ഹൊറനാട്, ശൃംഗേരി, ചിക്കമംഗളൂരു എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു.
ഏറെ നഷ്ടം മലയാളികൾക്ക്
വിളവെടുപ്പുകാലത്തെ മഴ കുടകിലെ കർഷകരേക്കാൾ കൂടുതൽ ബാധിക്കുക മലയാളികളെയാണ്. കുടകിലെ തോട്ടങ്ങളിൽ ഭൂരിഭാഗവും പാട്ടത്തിനെടുക്കുന്നത് മലയാളികളാണ്. കൃഷിയിടത്തിലെ ഉത്പന്നത്തിന്റെ വില കണക്കാക്കി പാട്ടം എടുക്കുകയും പാട്ടത്തുകയുടെ നിശ്ചിത ശതമാനം മുൻകൂറായി തോട്ടം ഉടമയ്ക്ക് നൽകുകയുമാണ് ചെയ്യുന്നത്. വിളവെടുപ്പ് സമയത്ത് ഉടമയോ, ഉടമ നിശ്ചയിക്കുന്ന ആളുടേയൊ മേൽനോട്ടത്തിൽ പറിച്ച് ഉണക്കി ബാക്കി പാട്ടത്തുകയും നൽകിയാൽ മാത്രമേ ഉത്പന്നം പാട്ടം കൊണ്ടയാൾക്ക് വില്പന ചെയ്യാൻ പറ്റൂ. വിളവെടുക്കുന്നതിലും ഉണക്കിയെടുക്കുന്നതിലും ഉണ്ടാകുന്ന നഷ്ടം ഏറെയാണ്.
പലരും ബാങ്ക് വായ്പയെടുത്തോ, വട്ടപ്പലിശക്കാരിൽ നിന്ന് പണം വാങ്ങിയോയാണ് കുടകിലെ തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്നത്. അടുത്ത കാലത്തെങ്ങും ഉണ്ടാകാത്ത കാലാവസ്ഥാ മാറ്റമാണ് ഉണ്ടായതെന്ന് പ്രദേശവാസികളും കർഷകരും പറയുന്നു.
District News
തലശേരി: കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ ടൗണുകളിൽ ‘കൊലുസ് ' സ്ത്രീശാക്തീകരണ യജ്ഞം സംഘടിപ്പിച്ചു. പെൺകുട്ടികളുടെ ദേശീയ മാസാചാരണത്തോടനുബന്ധിച്ച് തലശേരി ബികെജെഎം സ്കൂൾ ഓഫ് നഴ്സിംഗിന്റെ സഹകരണത്തോടെ വെള്ളരിക്കുണ്ടിൽ ആരംഭിച്ച യജ്ഞം ചിറ്റാരിക്കൽ, ചെറുപുഴ, ആലക്കോട്, കരുവഞ്ചാൽ, നടുവിൽ, ചെമ്പേരി, പയ്യാവൂർ, ഉളിക്കൽ, ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ഫ്ലാഷ് മോബും ബോധവത്കരണം പരിപാടികളും അവതരിപ്പിച്ച ശേഷം തലശേരിയിൽ സമാപിച്ചു.
കെസിവൈഎം തലശേരിഅതിരൂപത വൈസ് പ്രസിഡന്റ് ശ്രേയ ശ്രുതിനിലയം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ.അഖിൽ മാത്യു മുക്കുഴി, വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന എസ്എച്ച്, ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, സെക്രട്ടറി സാൻജോസ് കളരിമുറിയിൽ കൗൺസിലർ അഞ്ജലി വരിക്കനാനിയ്ക്കൽ, സ്റ്റേറ്റ് സിൻഡിക്കേറ്റ് മെംബർ അപർണ സോണി, വിവിധ ഫൊറോന പ്രസിഡന്റുമാർ, ഡയറക്ടമാർ, ആനിമേറ്റർമാർ, വൈസ് പ്രസിഡന്റുമാർ എന്നിവർ നേതൃത്വം നൽകി.
District News
കൂത്തുപറമ്പ്: ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയ്ക്കിടെ ഇടിമിന്നലേറ്റ് മുസ്ലിം പള്ളിയുടെ മിനാരം ഭാഗികമായി തകർന്നു. ഇന്നലെ വൈകുന്നേരം കോട്ടയം അങ്ങാടിയിലെ പുതിയ പള്ളി എന്നറിയപ്പെടുന്ന പൊന്നന്പലാത്ത് പള്ളിയുടെ മിനാരമാണ് തകർന്നത്. മിനാരത്തിന്റെ ഏറ്റവും മുകളിലെ ഭാഗം മിന്നലേറ്റ് തകരുകയായിരുന്നു. കോൺക്രീറ്റ് പാളിൽ പൊട്ടി താഴേക്ക് വീണു. പള്ളിയുടെ പുറത്തായുള്ള വൈദ്യതി ബോർഡിന്റെ മീറ്ററും കത്തി നശിച്ചു. ഏതാണ്ട് മൂന്നു ലക്ഷത്തോളം രൂപയുടം നഷ്ടം സംഭവിച്ചതായി കോട്ടയം മഹല്ല് ജമാ അത്ത് പ്രസിഡന്റ് പി.സി. കാസിം പറഞ്ഞു. സമീപ പ്രദേശങ്ങളിലെ വീടുകളിലെ വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു.
District News
കണ്ണൂർ: രാസ ലഹരി മയക്കുമരുന്നുമായി എക്സൈസ് സംഘം യുവതിയെ അറസ്റ്റ് ചെയ്തു. പാപ്പിനിശേരി അഞ്ചാംപീടികയിലെ എ.ഷിൽനയെയാണ് (32) പാപ്പിനിശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീർ അലിയും സംഘവും അറസ്റ്റ് ചെയ്തത്. യുവതിയിൽ നിന്നും അര ഗ്രാമോളം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. രഹസ്യ വിവരത്തെതുടർന്ന് എക്സൈസ് സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതിയെ നിരീക്ഷിച്ചുവരികയായിരുന്നു.
ഇന്നലെ നടത്തിയ റെയ്ഡിലാണ് രാസലഹരി സഹിതം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജോർജ് ഫെർണാണ്ടസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ ശ്രീകുമാർ, പങ്കജാക്ഷൻ, രജിരാഗ്, വനിത സിവിൽ എക്സൈസ് ഓഫീസർ ജിഷ, ഷൈമ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
District News
കണ്ണൂർ: ആർഎസ്പി ദേശീയ സമിതിയംഗം ഇല്ലിക്കൽ ആഗസ്തിയെ പാർട്ടിയിൽനിന്നു പുറത്താക്കി. ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് നടപടിയെടുത്തത്. നിരന്തരമായി സംഘടനാ വിരുദ്ധ പ്രവർത്തനവും പാർട്ടിക്കുള്ളിൽ വിഭാഗീയതയും നടത്തിയതിനാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
യുഡിഎഫിൽ ആർഎസ്പിക്ക് അനുവദിച്ചിരുന്ന മട്ടന്നൂർ, ആറ്റിങ്ങൽ നിയമസഭാ സീറ്റുകളിൽ ഇത്തവണ പാർട്ടി മത്സരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം ഇല്ലിക്കൽ ആഗസ്തി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതുകൂടാതെ പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ സാന്പത്തിക ആരോപണവും ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുറത്താക്കൽ.
ഇല്ലിക്കൽ ആഗസ്തി ഇനി എന്തു നിലപാട് സ്വീകരിച്ചാലും കണ്ണൂർ ജില്ലയിലും സംസ്ഥാനത്തും പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി വി. മോഹനൻ പറഞ്ഞു. ജില്ലാ കമ്മിറ്റി യോഗത്തിൽ മധു പേപ്പറന്പ് അധ്യക്ഷത വഹിച്ചു. പി. വിജിത്ത്കുമാർ, ജോൺസൺ പി. തോമസ്, വി.ഷാജി, കെ.എം. കൃഷ്ണദാസ്, സജി മാത്യു, രത്നാകരൻ വൈദ്യർ, കെ.എൻ. നാസർ, രാജീവൻ തോലന്പ്ര, സുഭാഷ് പയ്യന്നൂർ, സി.ജെ ജോസ് എന്നിവർ പങ്കെടുത്തു.
District News
തലശേരി: ഓട്ടോറിക്ഷയിൽ ലഹരി ഗുളികകൾ കടത്തുന്നതിനിടെ പിടിയിലായ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും 30,000 രൂപ പിഴയും. തലശേരി പുന്നോൽ സ്വദേശി കെ.എൻ. നിസാർ എന്ന മച്ചി നിസാറിനെയാണ് (34) വടകര എൻഡിപിഎസ് സ്പെഷൽ കോടതി ശിക്ഷിച്ചത്. എൻഡിപിഎസ് സ്പെഷൽ കോടതി സെഷൻസ് ജഡ്ജ് വി.ജി.ബിജുവാണ് ശിക്ഷ വിധിച്ചത്. തലശേരി മഞ്ഞോടിയിൽ വച്ച് ലഹരി ഗുളികകൾ കടത്തുന്നതിനിടെ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറും നിലവിൽ കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുമായ പി.കെ. സതീഷ്കുമാറും സംഘവുമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. ഓട്ടോയിൽ നിന്ന് 312 (193 ഗ്രാം) ലഹരി ഗുളികകളും പിടിച്ചെടുത്തിരുന്നു. 2018 ജൂലൈ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. തലശേരി കേന്ദ്രീകരിച്ച് ലഹരി ഗുളികകൾ മൊത്തമായും ചില്ലറയായും വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് പ്രതി. ഇയാൾക്കെതിരെ നേരത്തെ വേറെയും ലഹരിക്കേസുകളുണ്ടായിരുന്നു.
എക്സൈസ് എൻഫോസ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ സി.വി.ദിലീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എം.കെ.സജിത്കുമാർ, സി. പങ്കജാക്ഷൻ, ഒ. ലിമേഷ്, എം. സജിത്ത് ജോയിന്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി.ജലീഷ്, എക്സൈസ് ഡ്രൈവർ പി.ഷജിത്ത് എന്നിവും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. 2021 മാർച്ചിൽ എക്സൈസ് എൻഫോസ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ കെ. സുദേവനായിരുന്നു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.കെ ജോർജ് ഹാജരായി.
District News
കാസര്‍ഗോഡ്: കാസര്‍ഗോഡ്-തലപ്പാടി ദേശീയപാതയില്‍ കുമ്പള ആരിക്കാടി ആരംഭിച്ച ടോള്‍ പിരിവുമായി ബന്ധപ്പെട്ട് സമരസമിതി ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ടോള്‍ പിരിവ് തുടരുമെന്ന് ദേശീയപാത അഥോറിറ്റി യോഗത്തില്‍ നിലപാടെടുത്തു. ടോളിനെതിരായ പ്രതിഷേധം ചൂണ്ടിക്കാട്ടി സമരം തുടരുമെന്ന് എ.കെ.എം. അഷ്റഫ് എംഎല്‍എയും യോഗത്തില്‍ അറിയിച്ചു. ചര്‍ച്ചയില്‍ ഒരു മാറ്റവും ഉണ്ടായില്ല.
കോടതി വിധി വരുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നതായിരുന്നു ജില്ലയിലെ എംഎല്‍എമാരും സമരസമിതിയും മുന്നോട്ടുവച്ചത്. എന്നാല്‍, ദേശീയപാത അതോറിറ്റി ജീവനക്കാര്‍ക്കോ ജില്ലാ കളക്ടര്‍ക്കോ ഇതില്‍ തീരുമാനമെടുക്കാനാകില്ലെന്നും യോഗതീരുമാനങ്ങള്‍ ചീഫ് സെക്രട്ടറിയെ അറിയിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി.
അതിനുശേഷം ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് അറിയുന്നത്. കുമ്പളയിലെ ടോള്‍ പിരിവ് അനാവശ്യമാണെന്നും ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധം കനക്കുന്നതിനിടെയാണ് കളക്ടറുമായി ചര്‍ച്ച നടത്തിയത്. എ.കെ.എം. അഷ്റഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തിയതിന് പിന്നാലെ ജില്ലയിലെ മുഴുവന്‍ എംഎല്‍എമാരുടെയും ദേശീയപാത അതോറിറ്റിയുടേയും യോഗം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്തത്.
ടോള്‍ പിരിവ് അവസാനിപ്പിക്കാനാവില്ലെന്നും ടോള്‍ പിരിവ് തുടരുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം അവസാനിച്ചത്. നിയമസഭ സമ്മേളനം തുടങ്ങുന്ന ഘട്ടത്തില്‍ ടോള്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ജില്ലയിലെ എംഎല്‍എമാര്‍ അറിയിച്ചു. ജില്ലയിലെ എംഎല്‍എമാരും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറും ചര്‍ച്ചയില്‍ പങ്കെടുത്തു.
തിങ്കളാഴ്ചയാണ് കുമ്പള ആരിക്കാടിയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ വന്‍പ്രതിഷേധവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എ.കെ.എം. അഷറഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കിയാണ് ടോള്‍ പിരിവ് ആരംഭിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം യൂസര്‍ ഫീ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് എംഎല്‍എയുടെ നേതൃത്വത്തിലുള്ള ജനകീയ സമരവും ആരംഭിച്ചു.
ദേശീയപാതയില്‍ രണ്ടു ടോള്‍ പ്ലാസകള്‍ തമ്മിലുള്ള ദൂര വ്യത്യാസം 60 കിലോമീറ്റര്‍ ആയിരിക്കണമെന്നാണ് ചട്ടം. എന്നാല്‍, കുമ്പളയിലെയും തല്പാടിയിലെയും ടോള്‍ബൂത്തുകള്‍ തമ്മില്‍ 22 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഇത് അന്യായമാണെന്നും അനധികൃത പിരിവ് അവസാനിപ്പിക്കണമെന്നുമാണ് ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്. ടോള്‍ പിരിവിനെതിരെ ആക്ഷന്‍ കമ്മിറ്റി നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
District News
ചാവശേരി: കനത്ത മഴയിൽ വെള്ളം കയറി കീഴൂർ ചാവശേരി കൃഷി ഭവനിൽ നാശം. കഴിഞ്ഞദിവസം രാത്രിയോടെ പെയ്ത മഴയിലാണ് നാശനഷ്ടമുണ്ടായത്. ഇരിട്ടി നഗരസഭയിലെ ഇരുപത്തിയൊന്നാം മൈൽ -നടുവനാട് റോഡിലാണ് കൃഷിഭവൻ പ്രവർത്തിക്കുന്നത്.
നവീകരണത്തിന്റെ ഭാഗമായി കൃഷിഭവന്റെ മേൽക്കൂരയുടെ ആസ്ബസ്റ്റോസ് ഷീറ്റ് നീക്കം ചെയ്തിരുന്നു. ഇതിനിടെയാണ് മഴ പെയ്ത് വെള്ളം കയറിയത്. വൈകുന്നേരം മുതൽ ആരംഭിച്ച മഴയിൽ കൃഷിഭവന്റെ രണ്ടാം നിലയിൽ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. മേൽക്കൂരയ്ക്കായി സ്ഥാപിച്ച സീലിംഗ് അടക്കം നശിച്ചു.
ഇരിട്ടി നഗരസഭ ചെയർമാൻ വി. വിനോദ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രാജൻ, കൃഷി ഓഫീസർ കെ.ആർ. ജിതിൻ, സുരേഷ് ബാബു, അമൽ, വിമൽ രാജ് എന്നിവരും ഡിവൈഎഫ്ഐ പ്രവർത്തകരും സ്ഥലത്തെത്തി. കൃഷിഭവന്റെ രണ്ടാം നിലയിൽ സൂക്ഷിച്ച ഫയലുകളും മറ്റ് ഉപകരണങ്ങളും താഴത്തെ നിലയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് ഫയലുകളും മറ്റും മാറ്റിയത്. വൈദ്യുതി മുടങ്ങിയതോടെ മൊബൈൽ ടോർച്ച് വെളിച്ചത്തിലാണ് രണ്ടാം നിലയിൽ കെട്ടിക്കിടന്ന വെള്ളം നീക്കിയത്.
District News
കേളകം: കണിച്ചാർ, കേളകം പഞ്ചായത്തുകളുടെ അതിർത്തിലൂടെ ഒഴുകുന്ന ചെറുവാരത്തോടിന് പൂവത്തിൻചോല-ചെറുപുരയിടംകവല - ചെങ്ങോം റോഡില്‍ പാലം പണിയണമെന്ന നാട്ടുകാരുടെ ആവശ്യം ഇപ്പോഴും അവഗണനയിൽ. പൊതുമരാമത്ത് വകുപ്പ് പാലം പണിയാൻ ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല. വലിയ പാലം പണിയുന്നതിന് പകരം ചെറിയ പാലം പണിതെങ്കിലും തങ്ങളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണണണെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
നിലവിൽ തോട്ടിൽ പ്രദേശത്തുള്ളവർ സ്വന്തം ചെലവിൽ തോട്ടിൽ കോൺക്രീറ്റ് പൈപ്പും മണ്ണും ഇട്ട് തയാറാക്കിയ താത്കാലിക പാലത്തിലൂടെയാണ്തോട് മുറിച്ച് കടക്കുന്നത്. മഴക്കാലമായാൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ മണ്ണ് ഒലിച്ചു പോകുന്നതാനാൽ മഴ മാറി നിൽക്കുന്ന സമയത്തേ താത്കാലിക പാലത്തിന്റെ ഗുണം ലഭിക്കുന്നുമുള്ളൂ.
ഇവിടെ പാലം വന്നാൽ പ്രദേശ വാസികൾക്ക് എളുപ്പം കേളകം ടൗണിലെത്താനാകും. ഇവിടെ നിന്ന് പൂവത്തിന്‍ചോല - ചെങ്ങോം - കൊളക്കാട് വഴി നെടുപൊയിലേക്കും പോകാനാകും. കൂടാതെ കൊട്ടിയൂർ വൈശാഖോത്സവ കാലത്ത് ഗതാഗതകുരുക്ക് ഉണ്ടാകുന്പോൾ വാഹനങ്ങളെ ഇതുവഴി തിരിച്ചു വിടുകയും ചെയ്യാമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പൂവത്തിന്‍ചോല - ചെറുപുരയിടം കവല റോഡിന്റെ കേളകം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്ത് തോടിന് സമീപം വരെയും കണിച്ചാര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഭാഗത്ത് ചെറുവാരത്തോടില് നിന്നും ഏകദേശം 150 മീറ്റര്‍ അകലെ വരെയും ടാർ റോഡുകളുണ്ട്. അതു കൊണ്ടു തന്നെ പാലം പണിതാലും റോഡുകൾ നിർമിക്കേണ്ട സാഹചര്യവുമില്ലെന്ന് ഇവിടുത്തുകാർ പറഞ്ഞു.
District News
കണ്ണൂർ: അണ്ടർ ബ്രിഡ്ജ് ഭാഗത്ത് കോർപറേഷൻ വികസനത്തിന് തുരങ്കം വച്ച് റെയിൽവേ അധികൃതർ ചുറ്റിമതിൽ നിർമിക്കുന്നത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും യുഡിഎഫ് കൗൺസിലർമാരുടെയും നേതൃത്വത്തിൽ തടഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂർ മേയറുടെ നേതൃത്വ ത്തിൽ നിർമാണ പ്രവൃത്തി നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് കോർപറേഷൻ കത്ത് നല്കി യെങ്കിലും അത് മുഖവിലകെടുക്കാതെ റെയിൽവെ വീണ്ടും പ്രവൃത്തി തുടരുകയായിരുന്നു.
ഇതോടെയാണ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുകയും എംപിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. തുടർന്ന് കെ. സുധാകരൻ എംപി ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ട് നിർമാണം നിർത്തിവയ്ക്കണമെന്ന് അറിയിച്ചു. ഇതടെ ഇനി ഒരു തീരുമാനം ഉണ്ടാവുന്നതു വരെ പ്രവൃത്തി നിർത്തിവയ്ക്കാമെന്ന് ബന്ധപ്പെട്ട റെയിൽവേ അധികാരികൾ അറിയിച്ചതിനെ തുടർന്ന് സമരം താത്കാലികമായി അവസാനിപ്പിച്ചു.
ബ്ലോക്ക് പ്രസിഡന്റ് കായക്കൽ രാഹുൽ, ജില്ലാ സെക്രട്ടറി എം.കെ. മോഹനൻ, രഞ്ജിത്ത് താളിക്കാവ്, പി. അനുപ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോന ജയറാം, കൗൺസിലർമാരായ അജിത്ത് പാറക്കണ്ടി, രേഷ്മ വിനോദ്, സി.എച്ച്. റഫീന സ, മുൻ കൗൺസിലർമാരായ സുരേഷ് കാനത്തുർ, റാഷിദ് ചാലാട് തുടങ്ങിയവർ നേതൃത്വം നൽകി.
District News
ഇരിട്ടി: ഇരിട്ടി ടൗണിലെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചത്. ഇരിട്ടി ടൗണിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇരിട്ടി നഗരസഭ ആരോഗ്യവിഭാഗം ഇരിട്ടി, കീഴൂർ, പയഞ്ചേരി എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയത്. 18 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു.
ബീഫ്, പൊരിച്ച മത്സ്യം, മീൻക്കറി, കുബൂസ് അതിനൊപ്പം വിളമ്പുന്ന സലാഡ്, പച്ചടി, വറവ് തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുമാണ് ആരോഗ്യ വിഭാഗം പിടികൂടിയത്. കീഴൂരിലെ ശ്രീനാരായണ, പത്മിനി,വൈറ്റ് ലൈൻ, ഇരിട്ടി മേലെ സ്റ്റാൻഡിലെ റാറാവീസ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. സാധാരണ നടത്താറുള്ള പരിശോധനയ്ക്ക് പുറമേയാണ് ഇത്തരത്തിൽ പരിശോധന നടത്തിയതെന്ന് ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ പറഞ്ഞു. നിയമ വിരുദ്ധമായി പ്രവൃത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ക്ലീൻ സിറ്റി മാനേജർക്ക് പുറമേ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ.എസ്. സന്ദീപ്, സ്വപ്നശ്രീ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരു ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
District News
തളിപ്പറമ്പ്: തൃച്ചംബരം സെന്റ് പോൾസ് പള്ളിയിൽ ഇടവകയുടെ സ്വർഗീയ മധ്യസ്ഥൻ വിശുദ്ധ പൗലോസ് സ്ലീഹായുടെ തിരുനാൾ ആഘോഷം ഇന്നു മുതൽ 18 വരെ നടക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന തിരുനാളിനു തുടക്കംകുറിച്ച് ഇന്നു വൈകുന്നേരം 5.30ന് ഇടവക വികാരി മോൺ. ആന്റണി പയസ് കൊടിയേറ്റും. തുടർന്ന് ജപമാലയും വിശുദ്ധന്റെ തിരുസ്വരൂപ പ്രതിഷ്ഠയും ആഘോഷമായ ദിവ്യബലിയും നടക്കും.
പിലാത്തറ ഫൊറോന വികാരി ഫാ. തോംസൺ കൊറ്റിയത്ത് മുഖ്യ കാർമികത്വം വഹിക്കും. മാതമംഗലം സെന്റ് മേരീസ് എസ്റ്റേറ്റ് മാനേജർ ഫാ. ഷിറോൺ ആന്റണി വചന സന്ദേശം നല്‍കും.16ന് വൈകുന്നേരം 5.30 ന് നടക്കുന്ന ദിവ്യബലിക്ക് കാഞ്ഞങ്ങാട് ഫൊറോന വികാരി ഫാ. മാത്യു തൈക്കൽ മുഖ്യകാർമികനാകും. ഏഴിമല ലൂർദ് മാത പളളി വികാരി ഫാ. ജസ്റ്റിൻ എടത്തിൽ വചന സന്ദേശം നല്‍കും. 17ന് വൈകുന്നേരം 5.30ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ആന്റണി ഫ്രാൻസീസ് മുഖ്യകാർമി കനാകും. മരിയപുരം നിത്യസഹായ മാതാ ദേവാലയത്തിലെ ഫാ. റോയ് നെടുന്താനം വചന സന്ദേശം നല്‍കും. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ച് ദീപാലംകൃതമായ പ്രദക്ഷിണം.
18 ന് തിരുനാൾ ദിനത്തിൽ തളിപ്പറമ്പ് ഫൊറോന വികാരി ഫാ. മാർട്ടിൻ രായപ്പൻ മുഖ്യകാർമികത്വം വഹിക്കും. പരിയാരം പാദുവ കപ്പുച്ചിൻ ആശ്രമം സുപ്പീരിയർ ഫാ. ജോനാഥ് വചന സന്ദേശം നൽകും. തുടർന്ന് സ്നേഹവിരുന്ന് നടക്കും. വൈകുന്നേരം 6.30 ന് കലാസന്ധ്യ നടക്കും. 19 ന് വൈകുന്നേരം 5.30ന് ജപമാലയും ദിവ്യബലിയും നടക്കും. തുടർന്ന് കൊടിയിറക്കത്തോടെ തിരുനാൾ ആഘോഷ ത്തിന് സമാപനമാകും.
ചെറുപുഴ സെന്റ് മേരീസ് ഫൊറോന
പള്ളി തിരുനാൾ നാളെ മുതൽ
ചെറുപുഴ: ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷവും നൊവേനയും ഊട്ടുനേർച്ചയും നാളെ മുതൽ 25 വരെ നടക്കും. നാളെ ഉച്ച കഴിഞ്ഞ 3.30ന് ഇടവകാ വികാരി ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് തിരുനാളിന് കൊടിയേറ്റും. നാലിന് നടക്കുന്ന ജപമാല, ആരാധന, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ.ജയിംസ് അട്ടാറക്കൽ കാർമികത്വം വഹിക്കും. 17ന് വൈകുന്നേരം നാലിന് തിരുക്കർമങ്ങൾക്ക് ഫാ.വർഗീസ് താന്നിക്കാകുഴി നേതൃത്വം നൽകും. 18ന് രാവിലെ 7.15ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.മാത്യു വലിയപറമ്പിൽ നേതൃത്വം നൽകും.
23 വരെയുള്ള എല്ലാ തിരുനാൾ ദിവസങ്ങളിലും വൈകുന്നേരം നാലിന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോസഫ് മേപ്രത്ത്, ഫാ.ഏലിയാസ് എടുക്കുന്നേൽ, ഫാ.സിജോയ് കരിങ്ങാലിച്ചിറ, ഫാ.തോമസ് പൂകമല, റവ.ഡോ.ജോസ് വെട്ടിക്കൽ എന്നിവർ കാർമികത്വം വഹിക്കും.
24ന് വൈകുന്നേരം 4.30ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ നേതൃത്വം നൽകും. തുടർന്ന് ചെറുപുഴ ടൗണിലേക്ക് വിശ്വാസ പ്രഘോഷണ പ്രദക്ഷിണ റാലി. സമാപനാശീർവാദം. സമാപന ദിനമായ 25ന് രാവിലെ 6.30ന് നടക്കുന്ന വിശുദ്ധ കുർബാന. 9.30ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം, ലദീഞ്ഞ് എന്നിവയ്ക്ക് തലശേരി ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് കാർമികത്വം വഹിക്കും. തുടർന്നു പ്രദക്ഷിണം, സമാപനാശിർവാദം, ഊട്ടുനേർച്ച എന്നിവയോടെ തിരുനാളിനു സമാപനമാകും.
District News
കണ്ണൂർ: കണ്ണൂരിനെ ആയുർവേദ നഗരമാക്കി മാറ്റാൻ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗം തീരുമാനിച്ചു. ഹോട്ടൽ റോയൽ ഒമേഴ്സിൽ മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ഡോ പി.പി. അന്ത്രു അധ്യക്ഷത വഹിച്ചു.
ഡോ. കെ. പ്രപഞ്ച്, ഡോ. കേശവൻ, ഡോ. നിർമൽ നാരായണൻ, ഡോ. ഐ. ഉമേഷ് എന്നിവർ പ്രസംഗിച്ചു.
ആയുർവേദ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ആവശ്യമായ ഹെൽത്ത് ഇൻഷ്വറൻസ് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി അംഗം ഡോ. ബിനു സി. നായർ ക്ലാസ് നയിച്ചു. അംഗങ്ങൾക്കുള്ള മെംബർഷിപ്പ് വിതരണം നടത്തി. ഭാരവാഹികളായി ഡോ. പി.പി. അന്ത്രു -പ്രസിഡന്റ്, ഡോ. കെ. പ്രപഞ്ച്- സെക്രട്ടറി, ഡോ. കേശവൻ -ട്രഷറർ, ഡോ. നിർമൽ നാരായണൻ -വൈസ് പ്രസിഡന്റ, ഡോ. ഐ. ഉമേഷ് -ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
District News
തളിപ്പറമ്പ്: ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വിദ്യാർഥികൾക്ക് തൊഴിൽ മേഖലകളിൽ ആത്മവിശ്വാസത്തോടെയുള്ള പ്രവേശനം സാധ്യമാക്കുന്നതിനായി 15 ദിവസത്തെ പരിശീലനപരിപാടി ‘സ്കിൽഫോർജ്’ ആരംഭിച്ചു. ഇൻസ്റ്റിറ്റ്യുഷൻസ് മാനേജിംഗ് ഡയറക്ടർ ഡോ. ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്തു.
10 ദിവസം പ്രോഗ്രാമിംഗ് ഭാഷയായ ജാവ പരിശീലനവും അഞ്ചുദിവസത്തെ ആപ്റ്റിറ്റ്യുഡ് പരിശീലന വുമാണ് നല്‍കുക. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യു സ്പൈഡർ എന്ന സ്ഥാപനമാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്. 'ബ്രാൻഡിസം' എന്ന കമ്പനിയുടെ നേതൃത്വത്തിൽ നാലു ദിവസത്തെ തുടർപരിശീലനവും നല്‍കും. പ്രിൻസിപ്പൽ ഡോ. ഡൊമിനിക് തോമസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ രാഖി ജോസഫ് മുഖ്യ ഭാഷണം നടത്തി. ട്രെയിനർ കെ. പവൻകുമാർ ക്ലാസെടുത്തു.
District News
ചെറുപുഴ: ചെറുപുഴ മേഖലയിൽ ഇന്നലെ രാത്രി ഉണ്ടായ കനത്ത കാറ്റിലും മഴയിലും പച്ചക്കറിത്തോട്ടം നശിച്ചു. ചെറുപുഴ പഞ്ചായത്തിലെ മീന്തുളളി സ്വദേശി മനയാനിക്കൽ ഷിജുവിന്റെ ഒരേക്കർ സ്ഥലത്തെ പാവൽ തോട്ടമാണ് നശിച്ചത്.
ഷിജു ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് പാവൽ, പടവലം, പയർ എന്നിവ കൃഷി ചെയ്തത്. പാവൽ വളർത്താനായി കെട്ടി ഉയർത്തിയ പന്തൽ ഉൾപ്പെടെ തകർന്നു വീണു. വിളവെടുക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്തംഗങ്ങളായ വിജി കെ. ജോൺ, ഷൈമ ജെനു തച്ചുകുന്നേൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
District News
ചെമ്പേരി: നിർമല ഹയർ സെക്കൻഡറി സ്കൂളിന്റെ ഇരുപത്തെട്ടാമത് വാർഷികാഘോഷവും സർവീസിൽ നിന്നു വിരമിക്കുന്ന സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവ്, ഇംഗ്ലീഷ് അധ്യാപകൻ ഫാ. ബിജു ജോൺ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു.
ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടറും സ്കൂൾ മാനേജരുമായ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ.എം. ആഗ്നസ് ആമുഖ പ്രഭാഷണവും തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ റവ. ഡോ. സോണി വടശേരിൽ അനുഗ്രഹ പ്രഭാഷണവും ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ മുഖ്യപ്രഭാഷണവും നടത്തി.
സ്റ്റാഫ് പ്രതിനിധി വിമൽ സി. ഏബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡംഗം മേരി ഫ്രാൻസിസ്, സ്കൂൾ പിടിഎ പ്രസിഡന്റ് മാത്തുക്കുട്ടി അലക്സ്, മദർ പിടിഎ പ്രസിഡന്റ് സോജി മനോജ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോഷി ജോൺ, യുപി സ്കൂൾ മുഖ്യാധ്യാപിക എത്സമ്മ ജോസഫ്, സ്കൂൾ ചെയർപേഴ്സൺ ആൻ ഗ്രേസ് അനീഷ്, സ്റ്റാഫ് പ്രതിനിധി ശോഭ ടോം എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ സി.ഡി. സജീവ്, അധ്യാപകൻ ഫാ. ബിജു ജോൺ എന്നിവരെ ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ആദരിച്ചു.
സംസ്ഥാന തലത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളായ ആൽവിൻ ആന്റണി, ദിയ ആൻ വർഗീസ്, ഇ.കെ. ആകാശ്, റോസ് മരിയ ജോസഫ്, ദിയ മരിയ റോബി, ഫെലിക്സ്, അഭിനവ് ബിജു, വിനിൽ വിനു, ബേസിൽ ടോം സ്കറിയ എന്നിവരെ അനുമോദിച്ചു. 2025-26 വർഷത്തിൽ വിവിധ മേഖലകളിൽ മികവു നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകളും സമ്മാനിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
District News
തേർത്തല്ലി: മേരിഗിരി ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. തലശേരി കോർപറേറ്റ് എഡ്യുക്കേഷ ണൽ ഏജൻസി മാനേജർ റവ. ഡോ. സോണി വടശേരിൽ അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
സർവീസിൽനിന്ന് വിരമിക്കുന്ന മേരിഗിരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. കുര്യാ ക്കോസ് അറയ്ക്കൽ, ഹൈസ്കൂൾ അധ്യാപകൻ എ. രാധാകൃഷ്ണൻ എന്നിവരെ മാർ ജോസഫ് പാംപ്ലാനി പൊന്നാടയണിയിച്ച് ആദരിച്ചു. സ്കൂൾ മാനേജർ ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ, തളിപ്പറമ്പ് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജസി ഷിജി വട്ടക്കാട്ട്, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ജോർജ്, രാജേഷ് മാത്യു, സുമ, ജോജി കന്നിക്കാട്ട്, മുഖ്യാധ്യാപകൻ സജി കണ്ണന്താനം എന്നിവർ പ്രസംഗിച്ചു.
District News
രയറോം: രയറോം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. ആന്റണി തെക്കേമുറിയിൽ കൊടിയേറ്റി. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക്ഫാ.സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ട് കാർമികത്വം വഹിച്ചു. ഇന്നു മുതൽ 22 വരെ എല്ലാ ദിവസവും വൈകുന്നേരം നാലിന് റംശയും 4.30ന് ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും.
ഈ ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് ഫാ. മാത്യു കരിയിൽ, ഫാ. തോമസ് കോളങ്ങായിൽ, ഫാ. ജോസഫ് കാഞ്ഞിരത്തിങ്കൽ, ഫാ. ജോർജ് കുമ്പിളുംമൂട്ടിൽ, ഫാ. തോമസ് വലിയനിരപ്പേൽ, ഫാ. ബോബിൻ മരിയ, ഫാ. അനുഗ്രഹ്, ഫാ. മാത്യു കടപ്പുത്തലയ്ക്കൽ കാർമികത്വം വഹിക്കും. 23ന് വൈകുന്നേരം മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ, നാലിന് ആഘോഷമായ റാസ കുർബാന. ഫാ. തോമസ് മേനപ്പാട്ട് പടിക്കൽ, ഫാ.മാത്യൂ കുന്നേൽ, ഫാ.മാത്യൂ മാന്തറ എന്നിവർ കാർമ്മികത്വം വഹിക്കും. 6.30-ന് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ വാർഷികാഘോഷം.
പ്രധാന തിരുനാൾ ദിനമായ 24 ന് വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, ഫാ. ജോസഫ് ആനക്കല്ലിൽ കാർമികത്വം വഹിക്കും. 6.45 ന് ടൗൺ പ്രദക്ഷിണം, ഫാ. തോമസ് കീഴാരത്തിൽ സന്ദേശം നൽകും. ഒൻപതിന് ഗാനമേള. സമാപന ദിവസമായ 25ന് രാവിലെ പത്തിന് ആഘോഷമായ വിശുദ്ധ കുർബാന. ഫാ. ജോസഫ് കോവാട്ട് കാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദത്തോടെ തിരുനാൾ സമാപിക്കും.
District News
ചെറുപുഴ: പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ വകുപ്പ് മന്ത്രിക്കും ജില്ലാ ഫോറസ്റ്റ് ഓഫീസർക്കും വന്യമൃഗ ശല്യം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിലെത്തി അധികൃതരുമായി ചർച്ച നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരിയിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നിവേദനം നൽകിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പരിശീലനം ലഭിച്ച ജീവനക്കാരെ നിയമിക്കണമെന്നും പട്രോളിംഗിനായി പുളിങ്ങോം ഫോറസ്റ്റ് ഓഫീസിൽ സ്ഥിരം വാഹന സൗകര്യം ഏർപ്പെടുത്തണമെന്നും സോളാർവേലി നിർമിക്കുവാൻ ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്നുമാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത്.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മനോജ് വർഗീസ്, എം.കെ. ജിജേഷ്, മുഹമ്മദ് ഷാഫി, മനോജ് എന്നിവരാണ് ഇന്നലെ ചെറുപുഴ പഞ്ചായത്ത് ഓഫീസിലെത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഡി. പ്രവീൺ എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.
ഡിപ്പാർട്ട്മെന്റ് പദ്ധതികൾ നടപ്പിലാക്കാൻ എന്തെങ്കിലും താമസം നേരിട്ടാൽ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് ജോസ്ഗിരിയിൽ 400 മീറ്റർ ദൂരത്തിൽ സോളാർ തൂക്കുവേലി നിർമിക്കുമെന്നും ഇതിനായി അടുത്ത ഡിപിസി യോഗത്തിൽ അപേക്ഷ സമർപ്പിക്കുമെന്നും വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി പറഞ്ഞു. ഇതു സംബന്ധിച്ചും പഞ്ചായത്ത് ഭരണ സമിതിയിൽ തീരുമാനമെടുത്തു.
District News
വടക്കാഞ്ചേരി: റെയിൽവേയുടെ അനാസ്ഥ: അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് യാത്രക്കാരി റെയിൽവേ അധികൃതർക്ക് പരാതിയും നൽകി. കോച്ച് ഓഡറിലെ പിഴവാണു സംഭവത്തിനു കാരണമായത്. കഴിഞ്ഞ ദിവസം കോട്ടയത്തേക്ക് വേണാട് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യാ നായി വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് റിസർവേഷൻ ചെയ്തിരുന്നു. എന്നാൽ സ്റ്റേഷനിൽ എഴുതിവെച്ച കോച്ച് പോസിഷൻചാർട്ടിലെ തെറ്റായ വിവരമാ ണ് അപകടത്തിനു വഴിവെച്ചത്.
ഡി വൺ കോച്ചിൽ റിസർവേഷൻ ഉണ്ടായിരുന്ന അമ്മയും കുഞ്ഞും സ്റ്റേഷനിലെ ചാർട്ട് പ്രകാരം 6-ാം സ്ഥാനത്ത് ട്രെയിൻകാത്തുനിന്നു. എന്നാൽ ട്രെയിൻ എത്തിയ പ്പോൾ ഡി ഒന്ന് കോച്ച് 17-ാം സ്ഥാനത്തായിരുന്നുവന്നുനിന്നത്. തെറ്റ് മനസിലാക്കി അടുത്ത കോച്ചിൽ ഓടിക്കയറി റിസർവേഷൻ ചെയ്ത സീറ്റിലേക്ക് മാറാൻ ശ്രമം നടത്തിയെങ്കിലും ട്രെയിനിലെ ഉൾഭാഗത്തെ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. ഇതോടെ ലെഗേജും കുട്ടിയെയും കൂട്ടി പുറത്തിറങ്ങിഅടുത്തകോച്ചിലേക്ക്മാറി കയറുന്നതിനിടെ തീവണ്ടി ഓടിത്തുടങ്ങി. പരിഭ്രാന്തിയിൽ ഓടിക്കയറാൻ ശ്രമിച്ച അമ്മയും ആറ് വയസുകാരിയും വഴുതി വീഴുകയായിരുന്നു. ഭാഗ്യംകൊണ്ട് ഇവർ ട്രെയിനിനുള്ളിൽതന്നെ വീണതിനാൽ വൻ ദുരന്തം ഒഴിവായി.
District News
ഗുരുവായൂർ: മകരസംക്രമ ദിനത്തിൽ കണ്ണന്റെ സന്നിധിയിൽ 25 വാദ്യ കലാകാരന്മാരുടെ വാദ്യ സേവ.
തരുവെങ്കിടം ദേശ പറയോടനുബന്ധിച്ച് ദീപാരാധനയ്ക്കുശേഷം വാദ്യ കലാകാരന്മാരായ ചൊവ്വല്ലൂർ മോഹനൻ, ഇരിങ്ങപ്പുറം ബാബു, ഗുരുവായൂർ കമൽനാഥ്, ഗുരുവായൂർ അജി, ശശികണ്ണത്ത്, ഗോകുൽ ഗുരുവായൂർ, ഉണ്ണികൃഷ്ണൻ അരികന്നിയൂർ, ദാസൻ എടവന , ഗുരുവായൂർ സുരേഷ്, പട്ടിക്കാട് സന്തോഷ് എന്നിവർ നേതൃത്വം നൽകി.
തിരുവെങ്കിടം ക്ഷേത്രഭാരവാഹികളായ ശശി വാറണാട്ട്, ഇ. രാജു , ബാലൻ വാറണാട്ട്, ഹരി കൂടത്തിങ്കൽ, ശിവൻ കണിച്ചാടത്ത് എന്നിവർനേതൃത്വം നൽകി.
District News
അക്കിക്കാവ്: പെരുമ്പിലാവ് അക്കിക്കാവിൽ വീടിനു തീപിടിച്ച് ലക്ഷങ്ങളുടെ നാശം. അക്കിക്കാവ് സ്വദേശി തറമേൽ മാധവന്റെ വീടാണു പൂർണമായും കത്തിനശിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. വീട്ടിലുണ്ടായിരുന്ന പ്രായമായവർ ഉൾപ്പെടെ ആറുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
രാത്രി പത്തരയോടെ വീടിനുള്ളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻതന്നെ പുറത്തേയ്ക്ക് ഓടിയിറങ്ങുകയായിരുന്നു. നിമിഷങ്ങൾക്കകം തീ വീടു മുഴുവൻ ആളിപ്പടർന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. കുന്നംകുളം അസി. സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണു തീ പൂർണമായും അണച്ചത്. കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടുപകരണങ്ങളും രേഖകളും ഉൾപ്പെടെ വീട്ടിലെ സകല സാധനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്.
District News
വാടാനപ്പിള്ളി: കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രശ്നത്തിനു പരിഹാരം കാണാത്തതിനെ തുടർന്ന് വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി അസി. എൻജിനിയറെ ഓഫീസിൽ കയറി വളഞ്ഞ് വീട്ടമ്മമാരുടെ പ്രതിഷേധം.
നടുവിൽക്കര പാലം പരിസരത്തെ കുടുംബങ്ങളാണ് സഹികെട്ട് കുട്ടിവെള്ളത്തിനായി സമര രംഗത്ത് ഇറങ്ങിയത്. പാലത്തിനു തെക്കുപടിഞ്ഞാറ് ഭാഗത്താണ് കുടിവെള്ളക്ഷാമം രൂക്ഷം. മാസങ്ങളായി കനോലി പുഴയുടെ തീരദേശത്ത് താമസിക്കുന്ന 23 കുടുംബങ്ങൾ കടുത്ത കുടിവെള്ളക്ഷാമം നേരിടുകയാണ്. മുറവിളിയെ തുടർന്ന് വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ 150 മീറ്ററോളം ദൂരത്തിൽ പൈപ്പ് സ്ഥാപിച്ചിരുന്നു. ഇതോടെ ടാപ്പുകളിൽ വെള്ളം എത്തിയിരുന്നു. എന്നാൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പിന്നീട് ടാപ്പുകളിൽ വെള്ളമെത്തിയില്ല. ഇതോടെയാണ് പ്രദേശത്തെ കുടുംബങ്ങൾ വീണ്ടും വലഞ്ഞത്.
നട്ടംതിരിഞ്ഞ വീട്ടമ്മമാർ വാർഡ് അംഗം റെജീന രാജുവിന്റെ നേതൃത്വത്തിൽ തളിക്കുളം കച്ചേരിപ്പടിയിലെ വാട്ടർ അഥോറിറ്റി ഓഫീസിൽ എത്തി പ്രതിഷേധിക്കുകയായിരുന്നു. ഓഫീസിൽ കയറി ഉദ്യോഗസ്ഥയെ വളഞ്ഞു. മാസങ്ങളായി കുടിവെള്ളത്തിന് നട്ടം തിരിയുകയാണെന്നും 650 രൂപ ചെലവാക്കിയാണ് ടാങ്ക് വെള്ളം വാങ്ങി കൊണ്ടുവരുന്നതെന്നും വീട്ടമ്മമാർ ഉദ്യോഗസ്ഥയെ ധരിപ്പിച്ചു. വിവരം അറിഞ്ഞ് വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്് ഐ.എൻ. സുധീഷ്, പഞ്ചായത്ത് അംഗം എം. എസ് .സുജിത്ത്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ, സിപിഎം നേതാക്കളായ കെ.എ. വിശ്വംഭരൻ, ഷാജുദ്ദീൻ, കെ. കെ. അനിൽകുമാർ എന്നിവരും സ്ഥലത്ത് എത്തി.
പരിഹാരം കണ്ടില്ലെങ്കിൽ പിരിഞ്ഞുപോകില്ലെന്നും കുത്തിയിരിപ്പുസമരം നടത്തുമെന്നും വീട്ടമ്മമാർ തറപ്പിച്ചുപറഞ്ഞു. പുതിയ പൈപ്പ് സ്ഥാപിച്ചശേഷം വെള്ളം എത്തിയെന്നും പൈപ്പ് പൊട്ടിയതോടെ കുടിവെള്ള വിതരണം മുടങ്ങിയതെന്നും പൊട്ടിയ പൈപ്പ് മാറ്റി കുടിവെള്ള വിതരണം ആരംഭിച്ചതായും അടുത്ത ദിവസത്തിനുള്ളിൽ വെള്ളം എത്തിയില്ലെങ്കിൽ പരിശോധന നടത്തി തടസം നീക്കി വെള്ളം എത്തിക്കുമെന്ന ഉദ്യോഗസ്ഥയുടെ ഉറപ്പിലാണ് വീട്ടമ്മമാരുടെ പ്രതിഷേധ സമരം അവസാനിപ്പിച്ചത്.
ഇനിയും വെള്ളം എത്തിയില്ലെങ്കിൽ വീണ്ടും ശക്തമായ സമരവുമായി ഇറങ്ങുമെന്ന് വീട്ടമ്മമാർ മുന്നറിയിപ്പു നൽകി. സമരത്തിന് മിനി സുധർമൻ, ധന്യ, നസീറ, സജിനി, കബീർ എന്നിവർ നേതൃത്വം നൽകി. പുഴയോര മേഖലയിലെ കിണറുകളിൽ ഉപ്പു വെള്ളമായതോടെ ഇവിടത്തുകാർ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമെല്ലാം വാട്ടർ അഥോറിറ്റിയുടെ ടാപ്പുകളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഈ കുടിവെള്ള വിതരണമാണ് മാസങ്ങളായി നിലച്ചത്.
District News
വരാക്കര: ഭഗവതി ക്ഷേത്രത്തിലെ പൂരം ഭക്തിസാന്ദ്രമായി. രാവിലെ ക്ഷേത്ര ചടങ്ങുകൾക്കുശേഷം എഴുന്നള്ളിപ്പ് നടന്നു.
20 ഗജവീരന്മാർ അണിനിരന്ന എഴുന്നള്ളിപ്പിൽ കാളക്കല്ല് കരയോഗത്തിന്റെ ചെർപ്പുളശേരി രാജശേഖരൻ ഭഗവതിയുടെ തിടമ്പേറ്റി.
പാലക്കാട് കല്ലൂർ ഉണ്ണികൃഷ് ണൻ മാരാരുടെ നേതൃത്വത്തിൽ 100 ലേറെ വാദ്യകലാകാരൻമാരുടെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളിപ്പ്.
തുടർന്ന് 20 പൂര സെറ്റ് കരയോഗങ്ങളുടെ നേതൃത്വത്തിൽ കാവടി വരവ് അയ്യപ്പക്ഷേത്രസന്നിധിയിൽ എത്തി. രണ്ടുവരെ ക്ഷേത്ര മൈതാനിയിൽ കാവടിയാട്ടം നടന്നു. ഉച്ചതിരിഞ്ഞ് പാണ്ടിമേളത്തിന്റെ അകമ്പടിയിൽ നടന്ന കാഴ്ചശീവേലിക്ക് ആയിരക്കണക്കിനു പേരാണ് എത്തിയത്.
വൈകിട്ട് വരാക്കര നന്തിക്കര സാംബവരുടെ നേതൃത്വത്തിൽ നടന്ന പന്തൽവരവിന് ക്ഷേത്രം ഭരണസമിതി ഭാരവാഹികൾ ചേർന്ന് പ്രവേശന കവാടത്തിൽ സ്വീകരിച്ച ശേഷം ക്ഷേത്ര മൈതാനിയിൽ പ്രവേശിച്ചു.തുടർന്ന് നാദസ്വരത്തിന്റെ അകമ്പടിയോടെ ദീപാരാധന നടന്നു. തായമ്പക, കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവ നടന്നു.
രാത്രിയിൽ സാംമ്പവ നൃത്തത്തോടെയുള്ള വേലവരവ്, പൂരം വരവ്, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടന്നു. ഇന്നു പുലർച്ചെ ആറാട്ട് നടക്കും. തുടർന്ന് നടക്കുന്ന വിത്തിടൽ ചടങ്ങുകളോടെ പൂരത്തിനു സമാപനമാകും.
District News
ചേലക്കര: റോഡിൽ താഴ്ന്നു കിടന്ന ഇലക്ട്രിക്കൽ സർവീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികനു പരിക്ക്.
പങ്ങാരപ്പിള്ളി മുനമ്പത്ത് അബ്ബാസിനാണ് (49) സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ ചേലക്കര എളനാട് റോഡിൽ പങ്ങാരപ്പി ള്ളി പള്ളിക്കു മുമ്പിലാണ് അപകടം നടന്നത്. സ്റ്റുഡിയോ ഫോട്ടോഗ്രാഫറായ അബ്ബാസ് രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് അജ്ഞാത വാഹനം തട്ടി തൂങ്ങിക്കിടന്ന വൈദ്യുതി വയർ കഴുത്തിൽ ചുറ്റിയത്. നിയന്ത്രണംവിട്ട ബൈക്കിൽ നിന്നും അബ്ബാസ് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ നിന്നും റഫർ ചെയ്തു.
കെഎസ്ഇബിയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണ് അപകടത്തിനു കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. ഈ റോഡിൽ പലയിടങ്ങളിലും സർവീസ് വയറുകളും കേബിളുകളും അപകടകംവിധം താഴേക്ക് തൂങ്ങിക്കിടക്കുന്നത് പതിവാണെന്നും ഇതിനെതിരെ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.
വരും ദിവസങ്ങളിൽ കാളിയ റോഡ് നേർച്ചയ്ക്ക് ആനകളും ഉയരമേറിയ മറ്റ് വാഹനങ്ങളും കടന്നുപോകേണ്ട പാതയാണിത്. നിലവിലെ സാഹചര്യം തുടർന്നാൽ വലിയ അപകടങ്ങൾ സംഭവിക്കാനിടയുണ്ടെന്നും അടിയന്തരമായി ലൈനുകൾ ഉയർത്തിക്കെട്ടാൻ നടപടി വേണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
District News
കുറ്റിക്കാട്: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വാർഷികാഘോഷവും വജ്രജൂബിലി സമാപനവുംനടത്തി. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണുക്കാടൻ ഉദ്ഘാടനംനിർവഹിച്ചു.
സനീഷ്കുമാർ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണംനടത്തി. വജ്ര ജൂബിലിയോടനുബന്ധിച്ച് പദ്ധതികളായ ഭൂമിക, സഹപാഠിക്ക് ഒരു സ്നേഹവീട്, തണൽ എന്നീ പദ്ധതികളുടെ പ്രകാശനവും നടത്തി. അധ്യാപിക വി.ജി. പോളിന് യാത്രയപ്പും സംസ്ഥാന കായിക താരങ്ങൾക്ക് അനുമോദനവുംനൽകി. ഹെഡ്മാസ്റ്റർ എം.ടി. ജെയ്സൺ, കോർപറേറ്റ് മാനേജർ ഫാ. സീജോ ഇരുമ്പൻ, സ്കൂൾ മാനേജർ ഫാ. ലിജു പോൾ പറമ്പത്ത്, ജില്ലാപഞ്ചായത്ത് അംഗം ഷോൺ പല്ലിശേരി, ഷാജു വല്ലത്തുകാരൻ, ജിസ്മി ബിനോയ്, ജോസി ജോർജ്, ബിന്ദു ജേക്കബ്, പി.കെ. ആന്റു എന്നിവർ പ്രസംഗിച്ചു.
District News
കൊടുങ്ങല്ലൂർ: മകരസംക്രമദിനത്തിൽ കാവിൽ മുഴങ്ങിയ 1001 കതിനാവെടികളോടെ കൊടുങ്ങല്ലൂർ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി.
സമ്പൂർണ നെയ്വിളക്ക് തെളിഞ്ഞശേഷമാണ് കതിനകൾക്ക് തീപകർന്നത്. രാത്രി ചിലമ്പാട്ടം അരങ്ങേറി. ഒന്നാം താലപ്പൊലി നാളായ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തെക്കേനടയിലെ കുരുംബാംമ്മയുടെ നടയിൽനിന്ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിക്കും. ചോറ്റാനിക്കര സുഭാഷ് നാരായണമാരാർ പഞ്ചവാദ്യത്തിന് നേതൃത്വംനൽകും.
അഞ്ച് ആനകൾ അണിനിരന്ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പ് കാവിൽ പ്രവേശിക്കുന്നതോടെ ഒമ്പതാനകളാകും. പഞ്ചവാദ്യം കൊട്ടിയൊഴിയുമ്പോൾ പാണ്ടിമേളം തുടങ്ങും. ചേരാനെല്ലൂർ ശങ്കരൻകുട്ടൻ മാരാർ പാണ്ടിമേളത്തിന് പ്രാമാണ്യംവഹിക്കും.
കൊടുങ്ങല്ലൂരിൽ ഇന്നുമുതൽ ഗതാഗതനിയന്ത്രണം
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയുമായി ബന്ധപ്പെട്ട് ഇന്നു മുതൽ 18 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കുപോകുന്ന ഓർഡിനറി ബസുകൾ കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ യാത്രക്കാരെ ഇറക്കി യാത്ര അവസാനിപ്പിക്കേണ്ടതും തിരികെ ചന്തപ്പുരയിൽനിന്ന് ഗുരുവായൂർ ഭാഗത്തേയ്ക്ക് യാത്ര തുടരേണ്ടതുമാണ്.
ഗുരുവായൂർ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേയ്ക്കുപോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ യാത്രക്കാരെ ഇറക്കി കൊടുങ്ങല്ലൂർ ബൈപ്പാസ്, കോട്ടപ്പുറം വഴി എറണാകുളത്തേയ്ക്ക് യാത്ര തുടരണം. മറ്റു വാഹനങ്ങൾ ടൗണിലേക്ക് വരാതെ നേരിട്ട് ബൈപ്പാസ് വഴി യാത്ര തുടരണം.
അഴിക്കോട് എറിയാട് എന്നിവടങ്ങളിൽനിന്നു കൊടുങ്ങല്ലൂരിലേയ്ക്കുവരുന്ന ഓർഡിനറി ബസുകൾ കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കണം. അവിടെനിന്നുതന്നെ ടൗണിലേക്ക് കയറാതെ യാത്ര തുടരണം.
എറണാകുളം ഭാഗത്തുനിന്നു വരുന്ന ബസുകൾ കോട്ടപ്പുറം സിഗ്നലിൽനിന്ന് ബൈപ്പാസിൽ കയറി ചന്തപ്പുരയിലെത്തി യാത്രക്കാരെ ഇറക്കി യാത്ര തുടരണം. എറണാകുളം ഭാഗത്തുനിന്ന് ഗുരുവായൂർ ഭാഗത്തേയ്ക്കുപോകുന്ന മറ്റു വാഹനങ്ങൾ കോട്ടപ്പുറം സിഗ്നലിൽനിന്ന് ബൈപ്പാസിൽ കയറി ചന്തപ്പുര വഴി യാത്ര തുടരേണ്ടതാണ്.
മാള, കൃഷ്ണൻകോട്ട, പറവൂർ എന്നിവടങ്ങളിൽനിന്നു വരുന്ന ബസുകൾ കൊടുങ്ങല്ലൂർ ചേരമാനിൽനിന്ന് ബൈപ്പാസിൽകയറി കൊടുങ്ങല്ലൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിലെത്തിച്ചേരേണ്ടതും അവിടെനിന്ന് സർവീസ് റോഡ് വഴി തന്നെ കോട്ടപ്പുറം വഴി തിരികേപോകേണ്ടതാണ്.
തൃശൂർ, ഇരിങ്ങാലക്കുട ഭാഗത്തുനിന്നു വരുന്ന ബസുകൾ കൊടുങ്ങല്ലുർ ട്രസ്റ്റ് ബസ് സ്റ്റാന്റിൽ യാത്ര അവസാനിക്കേണ്ടതും അവിടെനിന്ന് യാത്രക്കാരെ കയറ്റി യാത്ര തുടരണം.
അഴിക്കോട്, എറിയാട് എന്നിവിടങ്ങളിൽനിന്നുവരുന്ന കാറടക്കമുളള വാഹനങ്ങൾ ബൈപ്പാസിൽ പാർക്ക് ചെയ്യേണ്ടതും ടൗണിലേക്ക് കയറാൻ പാടില്ലാത്തതുമാണ്.
തൃശൂർ, ഇരിങ്ങാലക്കുട ഭാഗത്തുനിന്നുവരുന്ന ഹെവി വാഹനങ്ങൾ കോണത്തുകുന്നിൽനിന്നുതിരിഞ്ഞ് എസ്എൻ പുരം വഴി പോകേണ്ടതും അല്ലാത്ത പക്ഷം ട്രാഫിക്ക് ക്രമീകരണസമയത്ത് കെകെടിഎം കോളജ് ഗ്രൗണ്ട് പരിസരത്തും പാർക്ക് ചെയ്യേണ്ടതും ട്രാഫിക്ക് ക്രമീകരണസമയത്തിനുശേഷം യാത്ര തുടരേണ്ടതുമാണ്.
തെക്കേനടയിൽ പോസ്റ്റോഫീസ് പരിസരത്ത് രാവിലെ 11വരെ മാത്രമെ പാർക്കിംഗ് അനുവദിക്കുകയുളളു.
District News
കൊടകര സെന്റ് ജോസഫ്സ്
കൊടകര: ഫൊറോന ദേവാലയത്തിലെ മാര്‍ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാളിന് കൊടികയറി. ഫാ. ആന്റോ തച്ചില്‍ കൊടിയേറ്റം നിർവഹിച്ചു. ഫാ. ജോജി പാലമറ്റത്ത്, സഹവികാരി ഫാ. ലിന്റോ കാരേക്കാടന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. ലിസന്‍ വടക്കേപീടിക, കൈക്കാരന്മാരായ ജെയിംസ് കുറ്റിക്കാടന്‍, ആന്റോ ചെതലന്‍, വിജോയ് കുറ്റിക്കാടന്‍ എന്നിവര്‍ സന്നിഹിതരായി.
വടക്കുംകര സെന്റ്
ആന്റണീസ്
ഇരിങ്ങാലക്കുട: ഇടവകയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ 17, 18 തീയതികളില്‍ നടക്കും. 17ന് രാവിലെ ഏഴിന് പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിക്കല്‍, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. അറേബ്യന്‍ പെനിന്‍സുലയുടെ അപ്പസ്തോലിക് വിസിറ്റര്‍ ഫാ. ജോളി വടക്കന്‍ കാര്‍മികത്വംവഹിക്കും.
രാത്രി ഒമ്പതിന് അമ്പ് പ്രദക്ഷിണം സമാപിക്കും. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ആലുവ മംഗലപ്പുഴ സെമിനാരി പ്രഫസര്‍ റവ.ഡോ. പോള്‍ കൊമ്പന് മുഖ്യകാര്‍മികത്വംവഹിക്കും. ഉച്ചകഴിഞ്ഞു നാലിന് തിരുനാള്‍ പ്രദക്ഷിണമുണ്ടാകും.
തിങ്കളാഴ്ച രാവിലെ 6.30ന് ഇടവകയില്‍നിന്നു മരിച്ചുപോയവര്ക്കുള്ള അനുസ്മരണബലിയും പൊതു ഒപ്പീസും നടക്കും. തിരുനാള്‍ കൊടിയേറ്റം ഇരിങ്ങാലക്കുട രൂപതയുടെ മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് മാളിയേക്കല്‍ നടത്തി. തിരുനാള്‍ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ മോണ്‍. വില്സന് ഈരത്തറ നാളെ വൈകീട്ട് 7.30ന് നിര്‍വഹിക്കും. വികാരി ഫാ. ജിജോ വാകപറമ്പിലില്, ജനറല്‍ കണ്‍വീനര്‍മാരായ ആന്റണി കാളത്തുപറമ്പില്‍, ജോസ് കാളത്തുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.
വൈന്തല സെന്റ് ജോസഫ്സ്
കാടുകുറ്റി: വൈന്തല സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപതയിലെ നവവൈദികരായ ഫാ. വിനോയ് തെറ്റയിൽ, ഫാ. ക്രിസ്റ്റൺ കൈനാടത്ത്പറമ്പിൽ, ഫാ. ജിതിൻ തണ്ടിയേക്കൽ, ഫാ. വിക്ടർ തൊമ്മനാ എന്നിവരുടെ സാന്നിധ്യത്തിൽ ഇടവക വികാരി ഫാ. ഡേവിസ് കുടിയിരിക്കലാണ് കൊടിയേറ്റിയത്. തുടർന്ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നീ ശുശ്രൂഷകളും ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ഏഴിന് നടക്കുന്ന ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്കുശേഷം രൂപം എഴുന്നള്ളിച്ച് വയ്ക്കും. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്.
രാത്രി ഒമ്പതിന് അമ്പു പ്രദക്ഷിണം പള്ളിയിലെത്തും. തുടർന്ന് ആശീർവാദം. ഞായറാഴ്ച രാവിലെ 10ന് ഫാ. വിനിൽ കുരിശുതറയുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന. ഫാ. ഡെർബിൻ വചനസന്ദേശം നൽകും. ഉച്ചതിരിഞ്ഞ് 3.30ന് വിശുദ്ധ കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം, സമാപന ആശീർവാദം, വർണക്കാഴ്ച. രാത്രി 7.30ന് നാടകം എന്നിവയുണ്ടായിരിക്കും.
തച്ചുടപറമ്പ് സെന്റ്
സെബാസ്റ്റ്യൻസ്
തച്ചുടപറമ്പ്: സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വിശുദ്ധ സെന്റ് സെബാസ്റ്റ്യനോസിന്റെ അമ്പ് തിരുനാളിന് റവ.ഡോ. ആന്റു ആലപ്പാടൻ കൊടി ഉയർത്തി. വികാരി റവ.ഡോ. പോളി പടയാട്ടി, ജനറൽ കൺവീനർ സിജൊ മാളിയേക്കൽ, ജോ. കൺവീനർമാരായ ജോൺ കരയാപറമ്പിൽ, സാബു അച്ചാണ്ടി, കൈക്കാരൻമാരായ ഡേവിസ് തച്ചുപറമ്പിൽ, ജോഷി കുത്തോട്ടുങ്ങൽ, ജോജൂ ചെങ്ങിനിമറ്റം എന്നിവർ പങ്കെടുത്തു. 17ന് രാവിലെ ദിവ്യബലി, യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി ഒമ്പതിന് അമ്പെഴുന്നെള്ളിപ്പുകൾ പള്ളിയിൽ സമാപിക്കും. തുടർന്ന് വർണമഴ, ഞായർ രാവിലെ 10.30ന് തിരുനാൾ പാട്ടുകുർബാന. ഫാ. ഷിബു കള്ളാംപറമ്പിൽ കാർമികത്വംവഹിക്കും. ഫാ. ഫ്രിജൊ പാറയ്ക്കൽ സന്ദേശംനൽകും. നാലിന് വിശുദ്ധ കുർബാന, പ്രദക്ഷിണം, വർണമഴ. രാത്രി ഏഴിന് തൃശൂർ കലാസദന്റെ നാടകം ഉണ്ടായിരിക്കും.
District News
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി നിറവില്‍.
1943ല്‍ അന്നത്തെ സെന്റ് മേരീസ് ഇടവകയുടെ പരിശ്രമഫലമായി പ്രൈമറി സ്കൂളായാണ് പ്രവര്‍ത്തനമാരംഭിച്ചത്. 1978ല്‍ ഇരിങ്ങാലക്കുട രൂപത നിലവില്‍ വന്നതോടെ സെന്റ് മേരീസ് സ്കൂള്‍ കത്തീഡ്രല്‍ ഇടവകയുടെ മേല്നോട്ടത്തിലായി. 1984ല്‍ സെന്റ് മേരീസ് സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. എസ്എസ്എല്‍സി പരീക്ഷയില്‍ ആദ്യ ബാച്ച് മുതലേ ഉയര്‍ന്ന വിജയശതമാനത്തോടെ സ്വന്തമായ ഒരിടം നേടിയെടുത്തു. 2000ല്‍ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെയും കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് ഇരുമ്പന്റെയും പരിശ്രമഫലമായി ഹയര്‍സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.
2001 ജനുവരി 30ന് ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ ഹയര്‍സെക്കന്‍ഡറി ബ്ലോക്കിന് തറക്കല്ലിട്ട് കെട്ടിടനിര്‍മാണം ആരംഭിച്ചു. ഡിസംബര്‍ 20ന് ഉദ്ഘാടനം നടത്തി ക്ലാസുകള്‍ ആരംഭിച്ചു. ഇപ്പോള്‍ പ്ലസ് വണ്‍, പ്ലസ് ടുവിലായി 480 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ആദ്യ ബാച്ചില്‍ തന്നെ 95 ശതമാനത്തിലധികം വിജയംനേടിയിരുന്നു. രണ്ടാംവര്‍ഷം സയന്‍സില്‍ 100 ശതമാനവും കൊമേഴ്സില്‍ 95 ശതമാനത്തില്‍ കൂടുതലും വിജയമുണ്ടായി. 2018,24 വര്‍ഷങ്ങളിലെ പൊതുപരീക്ഷകളില്‍ സ്കൂൾ 100 ശതമാനം വിജയം നേടി.
2024 ലെ സംസ്ഥാനത്തെ മികച്ച സ്കൂളുകളുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്ത് സെന്റ് മേരീസ് ഇടംപിടിച്ചു. 2006ല്‍ എന്‍സിസി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. എന്‍സിസിയുടെ ചുമതല വഹിക്കുന്ന സംസ്കൃതം അധ്യാപിക മേജര്‍ എന്‍.വി. മായയ്ക്ക് 2013ലും 2016ലും റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു.
2023ല്‍ എന്‍എസ്എസ് യൂണിറ്റ്, 2025 ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ റോവര്‍ റേഞ്ചര്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കെസിഎസ്എല്‍, സിജിഎസി, ടൂറിസം ക്ലബ്, സൗഹൃദ ക്ലബ്, ആന്റി നാര്‍കോട്ടിക് ക്ലബ് എന്നിവയും സജീവമാണ്.
ജൂബിലി സമാപനം ഇന്ന്
രജതജൂബിലി സമാപനസമ്മേളനം ഇന്ന് ഉച്ചതിരിഞ്ഞ് 4.30ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനംചെയ്യും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷതവഹിക്കും. നഗരസഭ ചെയര്മാന് എം.പി. ജാക്സണ് മുഖ്യാതിഥിയായിരിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, പ്രിന്‍സിപ്പല്‍ പി. ആന്സന് ഡൊമിനിക്, പിടിഎ പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, സ്കൂള്‍ ചെയര്‍പേഴ്സൺ സി.ബി. ക്രിസ്റ്റഫര്‍ തുടങ്ങിയവര്‍ സംസാരിക്കും.
District News
എസ്എൻപുരം: സമൂഹ മാധ്യമത്തിലൂടെ യുഡിഎഫിനെ അപമാനിച്ച് ചട്ടലംഘനം നടത്തിയെന്നാരോപിച്ചും ആരോപണവിധേയയായ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി രഹന പി. ആനന്ദിനെ സർവീസിൽനിന്നു പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. കോൺഗ്രസ് എസ്എൻപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ച് വഴിയിൽ പോലീസ് തടഞ്ഞു.
ഡിസിസി നിർവാഹകസമിതി അംഗം പി.കെ. ഷംസുദീൻ പ്രതിഷേധമാർച്ച് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രഫ. കെ.എ. സിറാജ് അധ്യക്ഷതവഹിച്ചു. സെക്രട്ടറിക്കെതിരേ അച്ചടക്കനടപടികൾ സ്വീകരിച്ചില്ലെങ്കിൽ നിയമപരമായും രാഷ്ട്രീയപരമായും സെക്രട്ടറിക്കെതിരേ പോരാടുമെന്ന് ഷംസുദീൻ പറഞ്ഞു.
പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ. അശോകൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എ. ഹൈദ്രോസ്, സുനിൽകുമാർ ചാണാടി, ഷിലു, ഫാസില അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചാലക്കുടി: കൂടുതൽ വെള്ളം ചാലക്കുടിപ്പുഴയിലേയ്ക്ക് ഒഴുക്കിവിടുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതിമന്ത്രി കൃഷ്ണൻകുട്ടിക്ക് സനീഷ്കുമാർ ജോസഫ് എംഎൽഎ കത്തുനല്‍കി.
പുഴത്തടത്തിലെ ജലസേചനം, കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങൾക്ക് അനുസൃതമായി പെരിങ്ങൽകുത്തിൽനിന്നുള്ള വൈദ്യുതി ഉത്പാദനം ക്രമപ്പെടുത്തുന്നതിനും വൈദ്യുതി ഉത്പാദനത്തിന് പുറമേ കൂടുതൽ വെള്ളം പുഴയിലേയ്ക്ക് ഒഴുക്കിവിടുന്നതിനും നടപടി സ്വീകരിക്കണമെന്നാണാവശ്യം.
കഴിഞ്ഞ രണ്ടാഴ്ചയായി ചാലക്കുടി പുഴയിലെ നീരൊഴുക്ക് വളരെ കുറവായതിനാൽ ചാലക്കുടി റിവർ ഡൈവേർഷൻ സ്കീമിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുകയാണെന്നും ജലസേചനത്തിന് ആവശ്യമായതിന്റെ 25 ശതമാനം ജലം മാത്രമാണ് ലഭ്യമാകുന്നതെന്നും കത്തിൽ സൂചിപ്പിച്ചു.
ആവശ്യമായ നീരൊഴുക്ക് ലഭ്യമാകാതിരുന്നാൽ ചാലക്കുടി പുഴയെ ആശ്രയിക്കുന്നയിടങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമവും കൃഷിനാശവും ഉണ്ടായേക്കാമെന്ന കടുത്ത ആശങ്കയും മന്ത്രിയെ അറിയിച്ചതായി എംഎൽഎ കൂട്ടിച്ചേർത്തു.
District News
മണ്ണാർക്കാട്: എംഇടി സ്കൂളിൽ ഇന്നൊവേഴ്സ് ടെക് എക്സ്പോ 2026 സംഘടിപ്പിച്ചു. അത്യാധുനിക സാങ്കേതികവിദ്യകൾ മനസിലാക്കി ഭാവിയിൽ സാങ്കേതിക വിദ്യാലോകത്തേക്ക് കടന്നുവരാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച എഐ റോബോട്ടിക്സ് ടെക് എക്സ്പോ എംഇടി സെക്രട്ടറി ജോബ് ഐസക് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വിദ്യ അനൂപ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധികൾ, പിടിഎ പ്രസിഡന്റ് ഡോ. ജ്യോതിസ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ എൻ.കെ. രോഹിണി നന്ദി പറഞ്ഞു.
District News
കോയന്പത്തൂർ: ജില്ലാ കളക്ടറേറ്റിൽ പൊങ്കൽ ആഘോഷിച്ചു. ജില്ലാ കളക്ടറുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ആവേശകരമായ പങ്കാളിത്തം കാരണം വളരെയധികം ശ്രദ്ധേയമായി. വനിതാ ഉദ്യോഗസ്ഥർ ജില്ലാ കളക്ടറേറ്റ് പരിസരത്ത് വർണ്ണാഭമായ കോലങ്ങൾ ഒരുക്കിയിരുന്നു. കോലങ്ങൾ ജില്ലാ കളക്ടർ പവൻകുമാർ നേരിട്ടു പരിശോധിക്കുകയും മാർക്കിടുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ വിവിധ മത്സരങ്ങളും അരങ്ങേറി. തുടർന്നുനടന്ന വടംവലി മത്സരത്തിൽ കളക്ടറും പങ്കെടുത്തു. ചടങ്ങിന്റെ അവസാനം ഉദ്യോഗസ്ഥർക്കൊപ്പം നൃത്തംചെയ്തു ജില്ലാ കളക്ടർ കൈയടി നേടി.
District News
ഒറ്റപ്പാലം: സെന്റ് ജോസഫ് ഫൊറോനപള്ളി തിരുനാളിനോടനുബന്ധിച്ച് നടന്ന ഇടവകദിനാഘോഷം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് സെന്റ് മേരീസ് മൈനർ സെമിനാരി റെക്ടർ റവ. ഫാ. സജി പനപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് ലാലോ ബേർളി റിപ്പോർട്ട് അവതരിപ്പിച്ചു. സെന്റ് ജോസഫ് കോൺവന്റ് സുപ്പീരിയർ സിസ്റ്റർ എൽസീന എഫ്സിസി, ജോസ് ഗിരി കോൺവന്റ് സുപ്പീരിയർ സിസ്റ്റർ ജെസ്ന എംഎസ്എംഐ, കെസിവൈഎം പ്രസിഡന്റ് നിസ്റ്റൽ തോമസ്, എകെസിസി സെക്രട്ടറി കെ.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു. വികാരി ഫാ. സണ്ണി വാഴേപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൺവീനർ ആൻസൻ വല്യാറ സ്വാഗതവും കൈക്കാരൻ ജെയിംസ് പുരയ്ക്കൽ നന്ദിയും പറഞ്ഞു. തുടർന്ന് ഇടവകാംഗങ്ങളുടെ കലാപരിപാടിയും സ്നേഹവിരുന്നും നടന്നു.
District News
ഒറ്റപ്പാലം: കേള്‍വിപരിമിതരായ സഹോദരങ്ങള്‍ റഫലും റിഫാനയും ഒരിന്ദ്രജാലം കണ്ട സന്തോഷത്തിലാണ്. ഉപ്പയുടെയും ഉമ്മയുടെയും കഷ്ടപ്പാടുകള്‍ക്ക് ആശ്വാസമായി ഒരു മനോഹരവീട് സൃഷ്ടിച്ചു നല്‍കിയിരിക്കുകയാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആര്‍ട്ട് സെന്റര്‍.
ഇന്നലെ വരെ പൊട്ടിപ്പൊളിഞ്ഞ ഒരു വീട്ടില്‍ അസൗകര്യങ്ങളുടെ നടുവില്‍ കഴിഞ്ഞവര്‍ക്ക് ഇനിമുതല്‍ ഈ മക്കള്‍ക്കൊപ്പം സുരക്ഷിതമായി അന്തിയുറങ്ങാം.
തിരുവനന്തപുരത്തെ ഡിഎസിയുടെ നേതൃത്വത്തില്‍ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്കുന്ന മാജിക്ക് ഹോം പദ്ധതിയുടെ ഭാഗമായി ഒറ്റപ്പാലം വരോട് നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ അച്ഛന് മുഹമ്മദ് റഷീദിനും അമ്മ റജീനയ്ക്കുമൊപ്പം ഇവര്‍ ഏറ്റുവാങ്ങി. കൂലിപ്പണിക്കാരനായ അച്ഛന്റെ തുച്ഛമായ വരുമാനത്തില്‍നിന്നും വീട് നിര്‍മിക്കുക എന്നത് ഈ കുടുംബത്തിന്റെ സ്വപ്നം മാത്രമായിരുന്നു.
വരോട് സ്വദേശി അബ്ദുള്‍ ഖാദര്‍ സൗജന്യമായി നല്കിയ അഞ്ച് സെന്റ് ഭൂമിയിലാണ് 622 ചതുരശ്രഅടിയില്‍ ഭിന്നശേഷി മാതൃകാ ഭവനം ഒരുക്കിയത്. വീടിന്റെ താക്കോല്‍ ചെറുകഥാകൃത്ത് വൈശാഖന്, ചലച്ചിത്ര സംവിധായകന് ലാല്‍ജോസ്, ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ ചെയര്മാന് ജിജി തോംസണ്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഒറ്റപ്പാലം സ്മാര്‍ട്ട് അസോസിയേറ്റ്സ് എംഡി മനോജ് കാഞ്ഞിരത്തൊടി എന്നിവര്‍ ചേര്‍ന്നു കൈമാറി.
District News
മംഗലംഡാം: കടുവയെത്തിയ ഓടംതോട് സിവിഎം കുന്നിൽ കെ.ഡി. പ്രസേനൻ എംഎൽഎയുടെ നേതൃത്വത്തിൽ വനംവകുപ്പിന്റെ ഉന്നതതലസംഘം സന്ദർശനം നടത്തി. സമീപപ്രദേശങ്ങളിൽ കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങൾ കാടുവെട്ടി സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും.
19 ന് കിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസിൽ രാവിലെ 10 നും ഉച്ചകഴിഞ്ഞ് രണ്ടിന് വണ്ടാഴി പഞ്ചായത്ത് ഓഫീസിലും ജനജാഗ്രതാ സമിതികൾ ചേരും. ആവശ്യമായ മറ്റു നടപടികൾ യോഗത്തിൽ തീരുമാനിക്കും. രണ്ടാഴ്ചയായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഇല്ലെന്നുള്ളതാണ് സ്ഥിരീകരണം. സിവിഎം ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ട്രാപ്പിംഗ് കാമറയിലും കടുവയുടെ സാന്നിധ്യമില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇണചേരുന്ന സമയങ്ങളിൽ ഇത്തരത്തിൽ കടുവകൾ ആവാസവ്യവസ്ഥയുടെ പരിധി വിട്ടും യാത്ര ചെയ്യാറുണ്ട്. അങ്ങനെ എത്തിപ്പെട്ടതാകാമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
നെന്മാറ ഡിഎഫ്ഒ പി. പ്രവീൺ, ആലത്തൂർ റേഞ്ച് ഓഫീസർ എൻ. സുബൈർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.എ. മുഹമ്മദ് ഹാഷിം, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ, വാർഡ് മെംബർ എ. ഷെറീഫ്, സിപിഎം ഏരിയ സെക്രട്ടറി വി. രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറി കെ.വി. രാജൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
District News
മംഗലംഡാം: പരിശീലനങ്ങളുടെ വേദിയാകണം വിദ്യാഭ്യാസമെന്നും നമ്മളിലുള്ള അജ്ഞതയെ മാറ്റി വെളിച്ചത്തിലേക്ക് നയിക്കാൻ വിദ്യാഭ്യാസത്തിനു മാത്രമെ കഴിയുവെന്നും രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. മംഗലംഡാം സെന്റ് സേവ്യേഴ്സ് സെൻട്രൽ സ്കൂളിന്റെ 24-ാം വാർഷികാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സ്കൂൾ മാനേജർ റവ.ഡോ. മാത്യു വാഴയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. സിബിൻ തോമസ് സ്വാഗത പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി സിൻഡ്രല്ല റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ജോയിന്റ് ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ. സുമേഷ് നാൽപതാംകളം മുഖ്യപ്രഭാഷണം നടത്തി. ഫൈനാൻസ് ഡയറക്ടർ ഫാ. ഷാജു അങ്ങേവീട്ടിൽ, പിടിഎ പ്രസിഡന്റ് അജിത്ത് കുമാർ, എംപിടിഎ പ്രസിഡന്റ് സൗമ്യ അശോകൻ, സ്കൂൾ ഹെഡ് ബോയ് സാൻജോ ബിജി, ഹെഡ്ഗേൾ റോസ് നാഷിജോ പ്രസംഗിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ജാൻസി ഷാജി നന്ദി പറഞ്ഞു.
പഠന-പാഠ്യേതര മേഖലയിൽ മികവു പുലർത്തിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും ബിഷപ് നിർവഹിച്ചു. സ്കൂൾടോപ്പറും മലയാളത്തിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ കാതറിൻ മറ്റു രംഗങ്ങളിലും മികവു തെളിയിച്ച കെ.എ. അയന, അലൻ ബിനോയ് എന്നിവരെ അനുമോദിച്ചു. കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.
District News
എടത്വ: കുട്ടനാട് സീറ്റിനെച്ചൊല്ലി പോര്‍മുഖം തെളിയുന്നു. പ്രാദേശിക വികാരം ആളിക്കത്തിച്ച് സോഷ്യല്‍ മീഡിയ. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷക്കേ മുന്നണി നേതൃത്വം സ്ഥാനാര്‍ഥി നിര്‍ണയത്തിന് തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ കുട്ടനാട് സീറ്റില്‍ വ്യക്തമായ തീരുമാനത്തിലെത്താന്‍ ഇടത്-വലത് എന്‍ഡിഎ മുന്നണികള്‍ക്ക് കഴിഞ്ഞിട്ടില്ല.
രാഷ്ട്രീയ മാനത്തിനപ്പുറം പ്രാദേശിക വികാരവും സോഷ്യല്‍ മീഡിയ വഴി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രചാരകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മണ്ഡല രൂപീകരണത്തിനുശേഷം മൂന്നു മുന്നണിയിലെയും ഘടകകക്ഷികള്‍ മാത്രമാണ് അധികവും മത്സരിക്കാറുള്ളത്. മുന്നണിയിലെ പ്രധാന കക്ഷികള്‍ ഏതാനും തെരഞ്ഞെടുപ്പില്‍ മാത്രം ജനവിധി തേടിയിയെങ്കിലും വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.
ഘടകകക്ഷികളില്‍നിന്ന് സീറ്റ് പിടിച്ചെടുക്കാൻ ഇടതു-വലതു മുന്നണിയിലെ പ്രധാന കക്ഷികള്‍ പലതവണ ശ്രമിച്ചിരുന്നു. ഇക്കുറിയും ഇരുമുന്നണിയിലെയും പ്രധാനകക്ഷികള്‍ കുട്ടനാട് സീറ്റിൽ കണ്ണുംനട്ട് കാത്തിരിക്കുകയായിരുന്നു. മുന്നണി തീരുമാനം എത്തുന്നതിനു മുന്‍പേ ഘടകകക്ഷികള്‍ സ്വയം പ്രഖ്യാപനം നടത്തി മണ്ഡലത്തില്‍ സജീവ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. സ്ഥാനാര്‍ഥി പരിവേഷം ഒരുപരിധി വരെ വിജയിച്ച് നില്‍ക്കുമ്പോഴാണ് പ്രാദേശിക വികാരം ഉയര്‍ന്നത്.
കുട്ടനാട്ടിലെ സ്ഥിര താമസക്കാര്‍ തന്നെ സ്ഥാനാര്ഥികളാകണമെന്നാണ് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം. ഈ പ്രചാരണത്തിന്റെ ചുവടുപിടിച്ച് യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് രംഗത്തുവന്നു. കോണ്‍ഗ്രസില്‍ ഒരുപിടി നേതാക്കന്മാരുടെ പേരുകള്‍ ഉയര്‍ന്നതോടെ നേതൃത്വത്തിനും തലവേദനയായി മാറി.
കോണ്‍ഗ്രസില്‍ മൂന്നിലേറെ നേതാക്കളാണ് സ്ഥാനാര്‍ഥിത്വത്തിനായി മുറവിളികൂട്ടുന്നത്. സീറ്റു വിട്ടു നല്‍കില്ലെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വവും വാശിയിലാണ്.
കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വ്യക്തമായ ധാരണ നല്കാന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസിലും സ്ഥാനാര്‍ഥി മോഹവുമായി നിരവധിപേരുണ്ട്.
എന്‍സിപിയുടെ സ്ഥിരം മണ്ഡലമായ കുട്ടനാട്ടില്‍ സിപിഎമ്മും സീറ്റില്‍ കണ്ണുവെച്ചിട്ട് നാളുകളായി. സ്ഥിരം സീറ്റില്‍നിന്ന് എന്‍സിപിയെ മാറ്റി സീറ്റ് ഏറ്റെടുക്കാന്‍ സിപിഎമ്മും മടിക്കുകയാണ്. ഏറ്റെടുക്കുന്ന സീറ്റിലെ വിജയ സാധ്യതയാണ് സിപിഎമ്മിനെ പിന്തിരിപ്പിക്കുന്നത്.
എന്‍ഡിഎയിൽ ഘടകകക്ഷി സമ്മര്‍ദമില്ല ബിഡിജെഎസ് മത്സരരംഗത്തുവരണമെന്നാണ് ബിജെപിയുടെ ആവശ്യം. ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ ആരു സീറ്റ് ഏറ്റെടുത്താലും എന്‍ഡിഎയില്‍ തര്‍ക്കം ഉടലെടുക്കാന്‍ സാധ്യതയില്ല.
District News
ചേര്‍ത്തല: ഓട്ടോയ്ക്കു പിന്നില്‍ കാര്‍ തട്ടിയത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെയും പ്രശ്നം പറഞ്ഞുതീര്‍ക്കാനെത്തിയ സമീപവാസിയെയും കാര്‍ ഓടിച്ചിരുന്ന പട്ടാള ഉദ്യോഗസ്ഥനും സഹോദരനും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മുഹമ്മ പഞ്ചായത്ത് 17-ാം വാര്‍ഡ് ചാരമംഗലം തടത്തില്‍ സുനില്‍കുമാര്‍ (42), ചേര്‍ത്തല തെരുവില്‍ ടി.ടി. സജി എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ചേര്‍ത്തല സ്വദേശികളായ അനന്തകൃഷ്ണന്, സഹോദരന് വിഷ്ണുരവി എന്നിവരെ പ്രതിയാക്കി ചേര്‍ത്തല പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ 9.30 ഓടെയാണ് ചേര്‍ത്തല ഇഎസ്ഐ ആശുപത്രിക്കു സമീപം സുനില്‍കുമാറിന്റെ ഓട്ടോയ്ക്കു പിന്നില്‍ കാര്‍ തട്ടിയത്. ഇത് ചോദ്യം ചെയ്ത സുനില്‍ കുമാറിന്റെ മുഖത്ത് അടിക്കുകയും റോഡിലിട്ട് മര്‍ദിക്കുകയും ചെയ്തെന്നാണ് പരാതി.
വിവരമറിഞ്ഞ് പ്രശ്നം പറഞ്ഞുതീര്ക്കനെത്തിയ സജിയെയും മര്‍ദിച്ചെന്നാണ് പരാതി. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നെത്തിയ പോലീസ് അനന്തകൃഷ്ണനെയും വിഷ്ണുവിനെയും പിടികൂടുകയായിരുന്നു. മര്‍ദനമേറ്റ സജിയെയും സുനില്‍ കുമാറിനെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
District News
ചെങ്ങന്നൂർ: മുളക്കുഴയിലെ പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി ഒളിവിൽ പോയ ഒന്നാം പ്രതി നാലു വർഷത്തിനുശേഷം പോലീസ് പിടിയിലായി. ആലാ പെണ്ണുക്കര വടക്കുംമുറി മഠത്തിലേത്ത് വീട്ടിൽ ‘ബോഞ്ചോ’ എന്നുവിളിക്കുന്ന അനൂപ് കുമാറിനെയാണ് (36) ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
2016 ഫെബ്രുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷനു സമീപമുള്ള രേണു ഓട്ടോ ഫ്യുവൽസ് പമ്പിൽ ഇന്ധനം അടിക്കാനെത്തിയ പ്രതികളായ മനോജും അനൂപും ജീവനക്കാരുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഇത് തടയാനെത്തിയ പമ്പ് ഉടമ മുരളീധരൻ നായരെ ഭീഷണിപ്പെടുത്തി ഇവർ മടങ്ങിപ്പോയി.
അന്ന് വൈകിട്ട് ഏഴരയോടെ മുരളീധരൻ നായർ ബന്ധുവായ ശശികുമാറിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകവെ, രണ്ടാം പ്രതി രാജീവ് ഇവരെ തടഞ്ഞുനിർത്തി. തുടർന്ന് പിന്നാലെയെത്തിയ മനോജും അനൂപും ചേർന്ന് കമ്പിവടികൊണ്ട് മുരളീധരൻ നായരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ അനൂപ് കുമാർ, രാജീവ്, മനോജ് എന്നിവർക്ക് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവും 35,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന അനൂപ്. 2022 മേയ് ആറിന് 14 ദിവസത്തെ പരോളിലിറങ്ങി ഒളിവിൽ പോയി. മറ്റ് പ്രതികളായ രാജീവ് നിലവിൽ നെട്ടുകാൽത്തേരി തുറന്ന ജയിലിലും മനോജ് പൂജപ്പുര സെൻട്രൽ ജയിലിലുമാണ്.
പ്രതിക്കായി 2023 മുതൽ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയായിരുന്നു. ഇയാൾ വ്യാജ പാസ്പോർട്ടിൽ വിദേശത്തേക്ക് കടന്നതായി കിംവദന്തികൾ ഉണ്ടായിരുന്നെങ്കിലും പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് കണ്ടെത്തി. തുടർന്ന് ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ പ്രതി വ്യാജപേരുകളിൽ ഒളിവിൽ കഴിഞ്ഞിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. പോലീസ് പിൻതുടരുന്നുണ്ടെന്ന് വിശ്വസ്ത സുഹൃത്തുക്കളിൽനിന്നു മനസിലാക്കി.
മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച്, ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ യാതൊരു ബന്ധവും പുലർത്താതെയായിരുന്നു അനൂപിന്റെ ഒളിവുജീവിതം. ബംഗളൂരുവിൽ എത്തിയ പ്രതി ഒരു ഹോട്ടലിൽ ജോലി ചെയ്യവേ പന്തളം സ്വദേശിനിയായ നഴ്സുമായി പ്രണയത്തിലായി. കഴിഞ്ഞ രണ്ടുമാസമായി ബംഗളൂരു കൊഡിഗെഹള്ളിയിൽ ഒരു ടിഷ്യൂ പേപ്പർ നിർമാണ കമ്പിയിലായിരുന്നു ഇയാൾക്ക് ജോലി.
ഇതറിഞ്ഞ് പ്രതിക്കായി ബംഗളൂരുവിലേക്ക് അന്വേഷണ സംഘം തിരിച്ചെങ്കിലും പ്രതി തന്റെ പെൺസുഹൃത്തിനെ കാണാൻ നാട്ടിലെത്തിയതായി വിവരം ലഭിച്ചു. യുവതിയുടെ ആൾത്താമസമില്ലാത്ത തറവാട് വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന അനൂപിനെ ഇന്നലെ പുലർച്ചെ വീട് വളഞ്ഞ് പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നായരുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. സിഐ എ.സി. വിപിൻ, എഎസ് ഐ സിനു വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, അരുൺ ഭാസ്കർ, ജിജോ സാം, കണ്ണൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഹാജരാക്കി.
District News
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് അര്‍ത്തുങ്കല്‍ ബസിലിക്കയിലെത്തുന്ന വിശ്വാസികള്‍ വിശുദ്ധ ചാവറയച്ചന്റെ സ്മരണകളുള്ള വിശ്രമമുറിക്കു മുന്നിലും അനുഗ്രഹങ്ങള്‍ തേടിയെത്താറുണ്ട്. വിശുദ്ധിയുടെ പരിമളം പരത്തിയ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് പൗരോഹിത്യം സ്വീകരിച്ചതും പ്രഥമദിവ്യബലിയര്പ്പിച്ചതും അര്‍ത്തുങ്കല്‍ ദേവാലയത്തിലാണ്.
അദ്ദേഹം താമസിച്ചിരുന്ന മുറി ഇപ്പോഴും ഏറെ പരിപാവനമായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. തിരുവസ്ത്രങ്ങളും ബലിപീഠത്തില്‍ ദിവ്യബലിക്കായി ഉപയോഗിച്ച കാസയും സക്രാരിയും കട്ടിലും പായയും കസേരയും ക്ലോക്കുമൊക്കെ മുറിയില്‍ കാണാം. അര്‍ത്തുങ്കല്‍ ദേവാലയത്തില്‍ താമസിച്ച് ശുശ്രൂഷ ചെയ്തിരുന്ന കേരള സഭയുടെ അധ്യക്ഷനായിരുന്ന മെത്രാന് മൗറേലിയൂസ് സ്തബിലിനിയില്നിന്ന് 1829 നവംബര്‍ 29 നാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് വൈദിക പട്ടം സ്വീകരിച്ചത്.
ഇപ്പോഴത്തെ പഴയപള്ളിയുടെ അള്‍ത്താരയിലായിരുന്നു പ്രഥമ ദിവ്യബലി. ആലപ്പുഴ രൂപതയില്‍ ഉള്‍പ്പെട്ട പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് വൈദിക ശുശ്രൂഷയ്ക്കായി ആദ്യം നിയോഗിക്കപ്പെട്ടത്. അവിടെയായിരിക്കുമ്പോള്‍ പള്ളിപ്പുറം പള്ളിയിലും ശുശ്രൂഷയ്ക്കായി പോയിരുന്നു. ലത്തീന്‍ ഭാഷയില്‍ പ്രാവീണ്യം നേടുന്നതിനായി തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളിയിലും കുറച്ചുകാലം താമസിച്ചു. ഒത്തിരിയേറെ തീര്‍ഥാടകര്‍ വിശുദ്ധ ചാവറ അച്ചന്റെ മാധ്യസ്ഥം പ്രാര്ഥിക്കന്നതിനായും പഴയ പള്ളിക്ക് പുറകില്‍ ക്രമപ്പെടുത്തിയിരിക്കുന്ന മ്യൂസിയം സന്ദര്‍ശിക്കുന്നതിനായി എത്തിച്ചേരാറുണ്ട്.
District News
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് സാംസ്കാരികദിനമായി ആചരിക്കും. ഇതോടൊപ്പം ഇടവകദിനമായും ബിസിസി സംഗമവുമായും ആഘോഷിക്കും. തീരദേശത്തെ വിശ്വാസികളുടെ ആത്മീയവും സാംസ്കാരികവുമായ ഒത്തുചേരലിന് സാക്ഷ്യം വഹിക്കും. പുലർച്ചെ 5.30ന് ദിവ്യബലിയോടും നൊവേനയോടും കൂടി തിരുനാൾ കർമങ്ങൾ ആരംഭിക്കും. 6.45ന് പ്രഭാത പ്രാർഥനയും ദിവ്യബലിയും 10.30ന് നൊവേനയും ലിറ്റനിയും നടക്കും. 11ന് നടക്കുന്ന ദിവ്യബലിക്ക് അമ്പലപ്പുഴ ഒസിഡി സെമിനാരിയിലെ ഫാ. സുനിൽ മാർട്ടിൻ മുഖ്യകാർമികത്വം വഹിക്കും.
വൈകുന്നേരം അഞ്ചിനു ജപമാലയും നൊവേനയെയും തുടർന്ന് ആറിനു വിശേഷാൽ ദിവ്യബലി നടക്കും. ഫാ. ജോൺസൺ പുത്തൻവീട്ടിൽ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോസഫ് ഡൊമിനിക് വട്ടത്തിൽ വചനപ്രഘോഷണം നടത്തും. സെക്യൂർ സംഘടനയിലെ സഹോദരങ്ങളാണ് ഇന്നത്തെ ശുശ്രൂഷാക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നത്.
രാത്രി 7.30ന് ഈശ്വര പ്രാർഥനയോടെ കലാസന്ധ്യ ആരംഭിക്കും. കെആർഎൽസിസി ബിസിസി കമ്മീഷൻ സെക്രട്ടറി ഫാ. ജോൺസൺ പുത്തൻവീട്ടിൽ കലാസന്ധ്യയിൽ മുഖ്യാതിഥിയായിരിക്കും. തുടർന്ന് ബിസിസിയുടെ എ,ബി വാർഡുകൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.
District News
ചെങ്ങന്നൂർ: കഴിഞ്ഞ നാലു പതിറ്റാണ്ടായി നാമമാത്രമായി മാറിയ ഉത്തരപ്പള്ളിയാറിനെ വീണ്ടെടുക്കാനുള്ള നടപടികൾക്ക് വേഗമേറുന്നു. നദിയുടെ പുനരുജ്ജീവനത്തിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ എണ്ണയ്ക്കാട്, പുലിയൂർ വില്ലേജുകളിൽ ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാറ്റലൈറ്റ് സർവേ വിജയകരമായി പൂർത്തിയാക്കി. ഇറിഗേഷൻ, റവന്യു, സർവേ, പരിസ്ഥിതി, ഭൂവിഭവം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധന നടന്നത്.
വിദഗ്ധ സമിതി
നദി വീണ്ടെടുക്കാൻ വിദഗ്ധസമിതി വേണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്ന് ജലവിഭവവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർപേഴ്സണായുള്ള 17 അംഗ സമിതി കഴിഞ്ഞ ഓഗസ്റ്റിൽ രൂപീകരിച്ചിരുന്നു. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസസിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. ഡി. പത്മലാൽ, സിഡബ്ല്യുആർഡിഎമ്മിലെ ഡോ. ടി.എം. ശരണ്യ തുടങ്ങിയ പ്രമുഖർ അടങ്ങുന്നതാണ് സമിതി. ആലാ റൂറൽ ഡെവലപ്മെന്റ് ആൻഡ് കൾച്ചറൽ സൊസൈറ്റി സമർപ്പിച്ച ഹർജിയാണ് നദി വീണ്ടെടുക്കൽ പ്രക്രിയയ്ക്ക് ഊർജമായത്.
കൈയേറ്റങ്ങൾ
വെൺമണി മുതൽ ബുധനൂർ വരെ 18 കിലോമീറ്റർ നീളമുണ്ടായിരുന്ന നദി ഇന്ന് പലയിടത്തും ഓർമ മാത്രമാണ്. റവന്യു സംഘം നടത്തിയ പരിശോധനയിൽ 145 കൈയേറ്റങ്ങളാണ് കണ്ടെത്തിയത്.
ഇതിൽ പലയിടത്തും ഇരുനില കെട്ടിടങ്ങൾ വരെ ഉയർന്നുകഴിഞ്ഞു. കുളിക്കാംപാലം മുതൽ രണ്ടു കിലോമീറ്റർ ദൂരത്തിൽ നദി പൂർണമായും അപ്രത്യക്ഷമായ അവസ്ഥയിലാണ്. രാജഭരണകാലത്തെ രേഖകളിൽ പോലും ചിലയിടങ്ങളിൽ ആറിന്റെ അടയാളങ്ങളില്ല എന്നത് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നു.
മലിനീകരണം
ഒഴുക്ക് നിലച്ചതോടെ നദി മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്.
സമീപത്തെ കിണറുകളിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമായ രീതിയിൽ വർധിച്ചതായി മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തി.
100 മില്ലി വെള്ളത്തിൽ 4200 കോളിഫോം ബാക്ടീരിയയും 2800 ഫീക്കൽ കോളിഫോമും കണ്ടെത്തിയ സാഹചര്യത്തിൽ, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് പ്രദേശവാസികൾക്ക് അധികൃതർ കർശനനിർദേശം നൽകിയിട്ടുണ്ട്.
ജനകീയാവശ്യം
നൂറുകണക്കിന് പാടശേഖരങ്ങളുടെ ജലസ്രോതസും പല ക്ഷേത്രങ്ങളുടെയും ആറാട്ടുകടവുമായ ഉത്തരപള്ളിയാറിനെ വീണ്ടെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ആലാ റൂറൽ ഡെവലപ്മെന്റ് ആൻഡ് കൾച്ചറൽ സൊസൈറ്റി സെക്രട്ടറി വി.എസ്. ഗോപാലകൃഷ്ണൻ പറഞ്ഞു.
നിലവിൽ കണ്ടെത്തിയ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും നിയമപരമായ സ്ഥലം കൈവശം വച്ചിരിക്കുന്നവർക്ക് ഉചതമായ നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കണമെന്നുമാണ് വിവിധ സംഘടനകളുടെ ആവശ്യം.
ഡിജിറ്റൽ സർവേ പൂർത്തിയായതോടെ, മാസ്റ്റർ പ്ലാൻ തയാറാക്കി എത്രയും വേഗം നദിയുടെ പഴയപ്രതാപം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
District News
എടത്വ: തകര്‍ന്നുകിടന്ന ആശുപത്രി ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി എടത്വ പയസ് ടെന്ത് ഐടിഐ വിദ്യാര്‍ത്ഥികൾ. അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രയിനിങ് സെന്ററിലെ ഉപകരണങ്ങളാണ് അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കി മാറ്റിയത്.
സെന്റർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സീതാലക്ഷ്മിയുടെ ആവശ്യപ്രകാരം ഇന്‍സ്ട്രക്ടര്‍മാരായ അവനീന്ദ്രനാഥ്, പ്രിനീത് ജെ. പയസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദ്യാര്‍ത്ഥികളായ ട്രയിനികള്‍ ഉപകരണങ്ങള്‍ നന്നാക്കിയത്.
District News
രാമങ്കരി: പുഞ്ചക്കൊയ്ത്തിന് ആരംഭം കുറിച്ചതിന് തൊട്ടുപിന്നാലെ കർഷകരും മില്ലുടമകളും സപ്ലൈകോ ഉദ്യോഗസ്ഥരും തങ്ങളുടെ നിലപാടുകളിൽ വിട്ടുവീഴ്ച കാട്ടാതെ പരസ്പരം പോരടിക്കാൻ തയാറായതോടെ ആദ്യദിവസം തന്നെ സംഭരണം കല്ലുകടിയായി. തങ്ങളെ ചൂഷണം ചെയ്യുവാനായി മില്ലുടമകൾക്ക് സപ്ലൈകോ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവരുന്നതായും കർഷകർ.
ഇപ്രാവശ്യത്തെ പുഞ്ചക്കൊയ്ത്തിന് രണ്ടുദിവസം മുന്‍പ് ആരംഭം കുറിച്ച നെടുമുടി കൃഷിഭവന് കീഴിലെ 80 ഏക്കറോളം വരുന്ന മണത്രക്കാട് പാടശേഖരത്താണ് മൂന്ന് കൂട്ടരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്ന് സംഭരണം തടസപ്പെടാനിടയായത്.
സപ്ലൈകോ അധികൃതർ മേരിമാതാ മില്ലുകാർക്കാണ് ഇവിടെ നിന്നും നെല്ലു സംഭരിക്കുവാനുള്ള ചുമതല നല്‍കിയിരുന്നത്. . മില്ലുടമകൾ 10 കിലോ കിഴിവ് ആവശ്യപ്പെട്ടപ്പോൾ തങ്ങൾ 5 കിലോ നല്‍കാം എന്ന് കർഷകരും നിലപാട് സ്വീകരിക്കുകയുണ്ടായി. ഇത് തർക്കത്തിലേക്ക് നയിക്കുകയും പിന്നീട് സംഭരണം തടസപ്പെടുകയും ആയിരുന്നു.
ഇതിനിടെ ഇവർ പലവട്ടം ചർച്ച നടത്തിയെങ്കിലും പ്രശ്നം രമ്യമായി പരിഹരിക്കാനായില്ല . ഇതോടെ മേരിമാതയ്ക്ക് പകരം വേറെ ഏതെങ്കിലും മില്ലുകാർക്ക് സംഭരണത്തിന്റെ ചുമതല നല്‍കണമെന്നായി കർഷകർ. സപ്ലൈകോ അധികൃതർ ഇത്പ്രകാരം മറ്റൊരുമില്ലിന് ചുമതല നല്കാൻ തയാറായെങ്കിലും അവർ ഇത് ഏറ്റെടുക്കുവാൻ തയാറായില്ല. ഇതേ തുടർന്ന് ഗത്യന്തരമില്ലാതെ വന്ന കർഷകർ മില്ലുകാരുടെ കടുംപിടിത്തത്തിന് വഴങ്ങി 7 കിലോ വീതം കിഴിവ് നല്കി പ്രശ്നം തീർക്കുകയും ഇന്നു മുതൽ സംഭരണം ആരംഭിക്കാമെന്ന് മില്ലുകാർ ഉറപ്പ് നല്‍കുകയുമായിരുന്നെന്നും കർഷകർ പറയുന്നു.
കർഷകരും മില്ലുകാരുമായി തർക്കം ഉണ്ടാകുന്പോഴെല്ലാം സപ്ലൈകോ അധികൃതർ മില്ലുകാരുടെ പക്ഷം ചേരുന്നത് പതിവ് സംഭവമായിട്ടുണ്ട്. ഇത് പലപ്പോഴും തങ്ങൾ ചൂഷണം ചെയ്യപ്പെടുന്നതിന് കാരണമാകുന്നതായും കർഷകർക്ക് ആക്ഷേപമുണ്ട്.
District News
രാമങ്കരി: രാമങ്കരി പഞ്ചായത്ത് വേഴപ്ര പാക്കള്ളിപാലം-ഉമാച്ചേരി റോഡ് കുണ്ടും കുഴിയുമായി. നാട്ടുകാരുടെ യാത്ര കടുത്ത ദുരിതത്തിൽ. വേഴപ്ര ഹോമിയോ ആശുപത്രി, സിദ്ധ ആശുപത്രി, കൊച്ചു കുഞ്ഞുങ്ങൾ പഠിക്കുന്ന അങ്കണവാടി, എൽ
പി സ്കൂൾ എന്നിങ്ങനെ നിരവധി കേന്ദ്രങ്ങളിലേക്കുള്ള പ്രധാന വഴി കൂടിയാണീ റോഡ്. ടാറിംഗ് തകർന്നു മെറ്റൽ ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടതോടെ നാട്ടുകാരുടെ അത്യാവശ്യ വാഹനങ്ങളായ ടൂവീലറുകളിലോ ഓട്ടോറിക്ഷകളിലോ പോലും സഞ്ചരിക്കുക പ്രയാസമായി മാറി. വാഹനങ്ങൾ ഈ കുഴികളിൽ പെട്ട് രാത്രി കാലങ്ങളിൽ അപകടങ്ങളിൽ പെടുന്നതും ആളുകൾക്ക് പരി ക്ക് ഏല്‍ക്കുന്നതും പതിവ് സംഭവമായി കഴിഞ്ഞു.
റോഡിൽ രാത്രി തീരെ വെളിച്ചമില്ലാത്തതും അപകടങ്ങളുടെ എണ്ണം വർധിക്കുന്നതിന് കാരണമായി നാട്ടുകാർ പറയുന്നു. റോഡ് അടിയന്തരമായി നന്നാക്കി വീണ്ടും ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നാട്ടുകാർ പലതവണ നിവേദനങ്ങൾ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
കഴിഞ്ഞ വെള്ളപ്പൊക്ക കാലത്ത് കുളമായി മാറിയ റോഡിൽ ഈ വേനൽക്കാലത്ത് മാത്രമായിരുന്നു അല്പമൊരാശ്വാസം. വേനൽമഴയ്ക്ക് തുടക്കം കുറിച്ചതോടെ റോഡിലെ യാത്ര വീണ്ടും പഴയ വെള്ളപ്പൊക്കകാലത്തെ ദുരിതത്തിലേക്ക് തിരിച്ചു പോകുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. അതിനാൽ അടിയന്തരമായി റോഡ് നന്നാക്കാനും ടാർ ചെയ്യാനും ആവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
District News
ചമ്പക്കുളം: ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പണികൾ എന്നു തീരുമെന്ന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ. പണിയുക അതു പൊളിക്കുക വീണ്ടും പണിയുക ഇതാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്ന ഓരോരുത്തർക്കും തോന്നുക. സർക്കാർ ഖജനാവിലെ പണമുപയോഗിച്ച് എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോൾ എസി റോഡിൽ കാണുന്നത്.
ഇവിടെ പണി പൂർത്തിയായ പല ഭാഗങ്ങളിലും അടയാളപ്പെടുത്തലുകൾ വരെ തീർന്നിരുന്നു. പല പാലങ്ങളിലും ഉയരപ്പാതകളിലും ഒന്നിലധികം തവണ ടാറിംഗ് പണികളും പൂർത്തീകരിച്ചിരുന്നു.
അങ്ങനെ പൂർത്തീകരിച്ച പല സ്ഥലങ്ങളിലും വാഹനങ്ങൾ അപകടത്തിലാവും വിധം റോഡിലെ ടാറിംഗിന് സ്ഥാനമാറ്റം വന്നിരുന്നു. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചെന്നു കൊട്ടിഘോഷിച്ച് കരാർ കമ്പനി നടത്തുന്ന നിർമാണങ്ങൾ ഈ റോഡിന്റെ കാര്യത്തിൽ പരാജയമായി മാറുമ്പോൾ, കുട്ടനാട്ടിൽ സാധാരണ നടത്തുന്ന റോഡു പണിയായിരുന്നു എങ്കിൽ ഇതിനേക്കാൾ മെച്ചമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പുതിയ ടാറിംഗ് പലയിടത്തും പൊങ്ങിയും താണും നിൽക്കുകയാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് ടാർ ചെയ്തത് ഇളക്കി മാറ്റി വീണ്ടും ടാർ ചെയ്യാനുള്ള പണി നടത്തിവരുന്നു. ഒന്നിലധികം തവണ ഇപ്രകാരമുള്ള പ്രവൃത്തികൾ ചെയ്യുന്നതിന്റെ സാമ്പത്തിക ബാധ്യതയും സാർക്കാരിനാണു വരുന്നത്. എന്തുകൊണ്ട് ഇപ്രകാരം അനാവശ്യ പ്രവൃത്തികൾ ചെയ്യേണ്ടിവരുന്നു? ഇതിന് ആർക്കാണ് ഉത്തരവാദിത്വം? തുടങ്ങിയ ചോദ്യങ്ങൾ പലയിടങ്ങളിലുംനിന്ന് ഉയരുന്നുണ്ടെങ്കിലും അവയൊന്നും ഫലം കാണുന്നില്ലെന്നു മാത്രം.
കിലോമീറ്ററിന് 30കോടിയിലധികം ചെലവഴിച്ച് നിർമിക്കുന്ന റോഡാണ് പ്രാദേശിക ഗ്രാമീണ റോഡിനേക്കാൾ മോശപ്പെട്ട അവസ്ഥയിലാകുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴവെള്ളം റോഡിൽ പലഭാഗത്തും കെട്ടിക്കിടന്നത് യാത്രികർക്ക് ഭീഷണി ആയിരുന്നു. വശത്ത് കനാലുണ്ടായിരിക്കേ അത് അവഗണിച്ച് ഉയരത്തിൽ ഓട നിർമിക്കാനുള്ള എൻജിനിയറിംഗ് വൈദഗ്ധ്യം ഇവിടെ എടുത്തു പറയേണ്ടിവരും. മഴ പെയ്താൽ റൂം ഫോർ റിവർ എന്നത് മാറ്റി റോഡ് ഫോർ റിവർ എന്നാക്കാവുന്ന അവസ്ഥയിലാണ് എസി റോഡ്.
എസി റോഡിന്റെ ശാപമെന്ന് അവസാനിക്കും. ഏഴ് പതിറ്റാണ്ട് മുൻപ് ആരംഭിച്ച ഈ റോഡിന് കേവലം 24 കിലോമീറ്റർ ദൈർഘ്യമേയുള്ളൂ എങ്കിലും, നിർമാണം തുടങ്ങിയ കാലം മുതൽ ഇന്നുവരെ ഈ ദൂരം മുഴുവൻ ഒരേ പോലെ ഉപയോഗിക്കാൻ ഈ നാട്ടുകാർക്ക് ഭാഗ്യം ലഭിച്ചിട്ടില്ലെന്നാണ് മുതിർന്ന തലമുറ പറയുന്നത്.
ഇതാണ് നിർമാണ രീതിയെങ്കിൽ അടുത്ത കാലത്തൊന്നും എസി റോഡ് പൂർണമായും സഞ്ചാരയോഗ്യമാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
District News
രാമങ്കരി: കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് ആരംഭിച്ചതിന് തൊട്ടുപിന്നാലെ വേനൽമഴയ്ക്ക് തുടക്കം കുറിച്ചത് കർഷകരെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം നെടുമുടി കൃഷിഭവന് കീഴിലെ കുരുശുപള്ളി പാടത്ത് ആയിരുന്നു കൊയ്ത്തിന് തുടക്കം. തൊട്ടുപിന്നാലെ രാമങ്കരി, വെളിയനാട്, കിടങ്ങറ, ചന്പക്കുളം തുടങ്ങി ഇന്നലെ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലാണ് മഴ ശക്തമായത്.
ഉച്ചയ്ക്ക് 2.30ഓടെ ആരംഭിച്ച മഴ ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. നെല്ലു വിളഞ്ഞുകിടക്കുന്ന മിക്ക പാടശേഖരങ്ങളിലും ഇത് ചെറിയതോതിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായി. എന്നാൽ കഴിഞ്ഞ ദിവസം കൊയ്ത്ത് ആരംഭച്ച കുരിശുപള്ളി പാടത്തിന് സമീപമുള്ള പ്രദേശത്ത് മഴ കാര്യമായി അനുഭവപ്പെടാതിരുന്നത് കർഷകർക്ക് വലിയ അനുഗ്രഹമായെന്നുവേണം പറയാൻ.
അല്ലെങ്കിൽ കൊയ്തുകൂട്ടിയ നെല്ല് നനയുന്നതിന് പുറമെ സംഭരണം പോലും തടസപ്പെടുന്നതിന് കാരണമായി മാറിയേനെ എന്നാണ് ഇവർ പറഞ്ഞത്.
ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ മറ്റു പാടശേഖരങ്ങളിലേക്കും കൊയ്ത്ത് വ്യാപകമാകാനിരിക്കേ ഇന്നലെ പൊടുന്നനെ പെയ്ത മഴ കുട്ടനാട്ടിലെ ഭൂരിഭാഗം വരുന്ന കർഷകരെയും മുൾമുനയിലാക്കിയിരിക്കുകയാണ്.
വരും ദിവസങ്ങളിലും ഇതേ നില തുടർന്നാൽ അത് ഇപ്രാവശ്യത്തെ കൊയ്ത്താകെതന്നെ താളംതെറ്റുന്നതിനു കാരണമായേക്കുമോ എന്നും ഇവർക്ക് ആശങ്കയുണ്ട്. മാനത്ത് മഴക്കാറ് കണ്ടാൽ ഈർപ്പത്തിന്റെ പേര് പറഞ്ഞ് സംഭരണത്തിന് ഉടക്ക് ഇടുന്നതാണ് മില്ലുകാരുടെ പതിവ് രീതി.
കൂടാതെ ഓരോ ക്വിന്റലിനും പരിധിയിൽ കൂടുതൽ തൂക്കം നെല്ല് ആവശ്യപ്പെടാനും തുടങ്ങും. കഴിഞ്ഞ കുറെ നാളുകളായി കർഷകർ അനുഭവിച്ചുവരുന്നൊരു പ്രശ്നമാണിത്. ഇപ്രാവശ്യമെങ്കിലും ഇതിൽ നിന്നൊന്ന് രക്ഷപിടിക്കണമെന്ന് കരുതിയിരിക്കുന്നതിനിടെയാണ് ഇന്നലത്തെ ശക്തമായ മഴ.
District News
ചാരുംമൂട്: വേനൽ രൂക്ഷമായതോടെ കൃഷി ആവശ്യത്തിനും ജലക്ഷാമം നേരിടാനും കെഐപി കനാൽ തുറന്നതോടെ ചാരുംമൂട് മേഖലയിൽ കനാലിലൂടെ വെള്ളമെത്തി. എന്നാൽ, വെള്ളത്തിനൊപ്പം ടൺകണക്കിന് മാലിന്യവും ഒഴുകിയെത്തി. വെള്ളം തുറന്നുവിടും മുമ്പ് കനാൽ ശുചീകരണം കാര്യക്ഷമമായി നടത്താത്തത് മൂലമാണ് മാലിന്യം ഒഴുകിയെത്തിയത്.
തെന്മല ഡാമിൽനിന്നുമുള്ള വെള്ളം കെഐപി വലത് കനാൽ വഴി കഴിഞ്ഞ ദിവസമാണ് തുറന്നുവിട്ടത്. ഇതോടെ നൂറനാട് ചാരുംമൂട് ഭാഗത്ത് കനാലിൽ വെള്ളമെത്തി കനാലിൽ അടിഞ്ഞുകൂടി കിടന്നിരുന്ന ടൺകണക്കിനു മാലിന്യങ്ങൾ തള്ളിനീക്കിയാണ് വെള്ളം കനാൽ വഴി ഒഴുകുന്നത്.
മാലിന്യങ്ങൾ കുമിഞ്ഞുകൂടി പല ഭാഗത്തും ഒഴുക്ക് തടസപ്പെടുന്ന അവസ്ഥയിലാണ്. വെള്ളം തുറന്നുവിടുന്നതിനു മുമ്പായി മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ കെഐപി അധികാരികളോ മുഖവിലയ്ക്ക് എടുത്തില്ലെന്ന പരാതി ശക്തമാണ്. പാലമേൽ പഞ്ചായത്തിലെ മേട്ടുപ്പുറം മുതൽ മുതുകാട്ടുകര കനാൽ ജംഗ്ഷൻ വരെ കനാൽ നിറയെ പാഴ്മരങ്ങളും വള്ളിച്ചെടികളും വളർന്നുനിൽക്കുന്നു.
പേരിന് മെഷീൻ ഉപയോഗിച്ച് അടിക്കാടുകൾ വെട്ടിത്തെളിയിച്ചെങ്കിലും മാലിന്യങ്ങൾ നീക്കം ചെയ്യാതെ കനാലിൽ തന്നെ ഇട്ടതു കാരണം വെള്ളത്തിന്റെ ഒഴുക്ക് പലസ്ഥലത്തും തടസപ്പെട്ട അവസ്ഥയിലാണ്.
District News
ആലപ്പുഴ: സ്വപ്ന സാഫല്യത്തിന്റെ സന്തോഷത്തിലും ആഗ്രഹം സ്വയം സഫലീകരിച്ചതിലുള്ള അഭിമാനത്തിലുമാണ് കുട്ടിക്കർഷകരായ സഹോദരിമാർ.
ആലപ്പുഴ നഗരസഭ വട്ടയാൽ വാർഡ് പുത്തൻവീട് പുരയിടത്തിൽ, ഫരീദ മൻസിലിൽ കുട്ടിക്കർഷകരായ ഫരീദ ഫിറോസും ഫാദിയ ഫിറോസുമാണ് വീടിന്റെ മട്ടുപ്പാവിൽനിന്നു കണ്ട വിമാന യാത്ര എന്ന സ്വപ്നം സ്വയം സാക്ഷാത്കരിച്ചത്.
വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യം വച്ചും ചെറുപ്പത്തിലെ ജൈവകൃഷിക്ക് പ്രചാരം നൽകുന്നതിന്റെ ഭാഗമായും കഴിഞ്ഞ അഞ്ചു ഘട്ടങ്ങളിലായി വീടിന്റെ മട്ടുപ്പാവിൽ ജൈവകൃഷി ചെയ്തു വരികയാണിവർ. ഇതിൽ ഇവർക്കു ലഭിച്ച പുരസ്കാരങ്ങളിലെ കാഷ് പ്രൈസ് കൂട്ടിവച്ചാണ് ഈ കൊച്ചുമിടുക്കർ വിമാന ടിക്കെറ്റെടുത്ത് കുടുംബസമേതം യാത്രതിരിക്കാൻ ഒരുങ്ങുന്നത്.
കുട്ടികളുടെ ഈ യാത്രാ ആഗ്രഹം മനസിലാക്കിയ ആലപ്പുഴ സ്വദേശിയായ ഒരു അഭ്യുദയാകാംക്ഷിയുടെ സഹായവും കുട്ടികളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ചതായും കുട്ടിക്കർഷകർപറഞ്ഞു. ഈ മാസം 29ന് രാവിലെ കൊച്ചിയിൽനിന്നും മുംബൈയിലേക്കാണ് കുട്ടിക്കർഷകരും കുടുംബവും യാത്ര തിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് മടക്കം.
ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് എച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ഫരീദ ഫിറോസ്. സെന്റ് ജോസഫ്സ് എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ഫാദിയ ഫിറോസ്.
പരിസ്ഥിതി പ്രവർത്തകനും വനമിത്ര പുരസ്കാര ജേതാവുമായ ഫിറോസ് അഹമ്മദും നാസിലയുമാണ് മാതാപിതാക്കൾ. ലിയോ തേർട്ടീന്ത് എൽപിഎസിലെ എൽകെജി വിദ്യാർഥിയായ ഫാദിൽ മുഹമ്മദ് ഫിറോസാണ് അനുജൻ.
District News
ചേപ്പാട്: ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിന്റെ 84-ാമത് വാർഷികം മലങ്കര കാത്തോലിക്കാസഭ മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് ഉദ്ഘാടനം ചെയ്തു. നിലവാരമുള്ള വിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
മാവേലിക്കര രൂപത സ്കൂൾ കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത്, സിഎംസ് കോളജ് മലയാള വിഭാഗം റിട്ട. അധ്യാപകൻ ഡോ. ചേരാവള്ളി ശശി, പ്രിൻസിപ്പൽ ബിനു കെ. സാമൂവേൽ, ഹെഡ് മിസ്ട്രസ് എലിസബത്ത് തോമസ്,പഞ്ചായത്തംഗം ബിന്ദു രാജേന്ദ്രൻ, പിടിഎ വൈസ് പ്രസിഡന്റ് സോമൻ നായർ, സ്റ്റാഫ് സെക്രട്ടറി മോനു ജി. സ്കറിയ, ജിജി കെ. ജോർജ്, സി.റ്റി. ജോമോൻ എന്നിവർ പ്രസംഗിച്ചു. ഈവർഷം സർവീസിൽനിന്നു വിരമിക്കുന്ന സ്കൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് തോമസിന് യാത്രയയപ്പും നൽകി. കലാ കായികമേളയിൽ മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിച്ചു.
District News
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത 183 നാലുവരി പാതയായി വികസിപ്പിക്കാനുള്ള നിർമാണ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അന്തിമ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കൊല്ലം കടവൂരിലെ ദേശീയപാത 66ൽനിന്നാണ് നാലുവരി പാതയായി റോഡ് വികസനം ആരംഭിക്കുന്നത്.
കേന്ദ്ര ഹൈവേ-റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ നൽകിയ മറുപടിയിൽ കൊല്ലം മുതൽ തമിഴ്നാട് അതിർത്തിയായ കുമളി വരെ നീളുന്ന ദേശീയപാത 183ന്റെ ആകെ ദൈർഘ്യം ഏകദേശം 215 കിലോമീറ്ററാണ്. ഇതിൽ കൊല്ലം-ചെങ്ങന്നൂർ റോഡിൽ കടവൂർ-ആഞ്ഞിലിമൂട് ഭാഗത്തിന്റെ അലൈൻമെന്റ് നേരത്തെതന്നെ അംഗീകാരം ലഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ 62.1 കിലോമീറ്റർ ദൈർഘ്യമുള്ള വികസനം ആരംഭിക്കും.
നാലുവരിപ്പാത
എന്നാൽ, പുതുക്കിയ അലൈൻമെന്റ് പ്രകാരം വളവുകൾ മാറുമ്പോൾ 58 കിലോമീറ്റർ ആയി പാതയുടെ ദൈർഘ്യം കുറയും. ആദ്യ ഘട്ടത്തിൽ രണ്ടുവരി പാതയായി വികസനം ലക്ഷ്യമിട്ട കൊല്ലം-തേനി ദേശീയപാതയിലെ നിലവിലെ ഗതാഗത സമ്മർദവും ഭാവിയിലെ ആവശ്യകതകളും വിലയിരുത്തി കൊല്ലം കളക്ടറേറ്റിൽ കഴിഞ്ഞവർഷം നടന്ന കൺസൾട്ടേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ദേശീയപാത നാലുവരിപ്പാതയാക്കി വികസിപ്പിക്കാൻ തീരുമാനിച്ചത്.
കടവൂർ മുതൽ ആഞ്ഞിലിമൂട് വരെ ഭാഗത്തിനായുള്ള പദ്ധതിയുടെ അന്തിമ രൂപരേഖയും റിപ്പോർട്ടും ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ജനസാന്ദ്ര പ്രദേശങ്ങളിലൂടെയും ഉയർന്ന ഭൂവിലയുള്ള മേഖലകളിലൂടെയും ദേശീയപാത കടന്നുപോകുന്നതിനാൽ, സ്ഥലം ഏറ്റെടുപ്പിന്റെ ഉയർന്ന ചെലവും പാർപ്പിട കെട്ടിടങ്ങൾക്കുണ്ടാകുന്ന ബാധ്യതയും കണക്കിലെടുത്ത് നിലവിലെ ഡിപിആർ വിശദമായി പരിശോധിച്ചുവരികയാണ്.
ഫയൽ കൈമാറി
അതേസമയം, ആഞ്ഞിലിമൂട് മുതൽ കുമളി വരെ കേരള-തമിഴ്നാട് അതിർത്തി വരെയുള്ള ശേഷിക്കുന്ന ഭാഗത്തിന്റെ ഡി പിആർ തയാറാക്കാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. കടവൂർ-ആഞ്ഞിലിമൂട് ഭാഗത്തിനായി ഭൂമി ഏറ്റെടുപ്പിന്റെ 3 എ വിജ്ഞാപനം കഴിഞ്ഞ മാർച്ച് 19-ന് ഭൂമി രാശി പോർട്ടലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചെലവ് കണക്കുകൾ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലിന് സമർപ്പിച്ചിട്ടുണ്ടെന്നും സ്റ്റാൻഡിംഗ് ഫിനാൻസ് കമ്മിറ്റിയുടെ അംഗീകാരത്തിനായി ഫയൽ കൈമാറിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
പദ്ധതി അംഗീകരിക്കപ്പെട്ടാൽ പുതുക്കിയ ഡിഎസ്ആർ പ്രകാരം 2200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും എംപി പറഞ്ഞു. സ്ഥലം ഏറ്റെടുപ്പിന് സംസ്ഥാന സർകകാർ 25 ശതമാനം വിഹിതം നൽകുമോ എന്ന കാര്യത്തിൽ കേന്ദ്ര ഹൈവേ മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
നഷ്ടപരിഹാരം
എന്നാൽ, സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക പരിമിതികൾ ചൂണ്ടിക്കാട്ടി കൊല്ലം-തേനി ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുപ്പിന് തുക മുടക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ദേശീയപാതയുടെ സ്ഥലം ഏറ്റെടുപ്പ് അടക്കമുള്ള മുഴുവൻ നിർമാണ ചെലവും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തന്നെ വഹിക്കുമെന്ന് ഉറപ്പായിരിക്കുന്നത്.
നിലവിൽ അംഗീകരിച്ച അലൈൻമെന്റ് പ്രകാരം പാതയുടെ വികസനം എത്രയും വേഗം ആരംഭിക്കണമെന്ന് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ വ്യാപാരം, വിനോദസഞ്ചാരം, ചരക്ക് ഗതാഗതം എന്നിവയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്നും പൊതുജനങ്ങൾക്ക് നീതിയുക്തമായ നഷ്ടപരിഹാരം ഉറപ്പാക്കി പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ എല്ലാ നടപടികളും വേഗത്തിലാക്കണമന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
District News
മറയൂർ: കേരളത്തിലെ ഏറ്റവും തണുപ്പേറിയ പ്രദേശങ്ങളിലൊന്നായ മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ ഗോത്രവർഗ കുടുംബങ്ങൾക്ക് ശൈത്യത്തിനെതിരേ ഊഷ്മളമായ സഹായവുമായി എത്തിയിരിക്കുകയാണ് മറയൂർ ജനമൈത്രി പോലീസ്. കനത്ത തണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളികളും സ്വെറ്ററുകളും വിതരണം ചെയ്തു. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ തായണ്ണൻകുടി, വെള്ളക്കല്ലുകുടി, മുളകാംപ്പെട്ടികുടി തുടങ്ങിയ പ്രദേശങ്ങളിലെ ഗോത്ര കുടുംബങ്ങൾക്കാണ് സഹായം ലഭിച്ചത്.
വിതരണച്ചടങ്ങിൽ മൂന്നാർ ഡിവൈഎസ്പി. എസ്. ചന്ദ്രകുമാർ, ഡിസിആർബി ഡിവൈഎസ്പി ബിജുകുമാർ, മറയൂർ ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ് ഐ മാഹീം സലീം, മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ തോമസ്, പഞ്ചായത്തംഗം പി.സി. ജോസ് എന്നിവരുടെ നേതൃത്വത്തിൽ മുളകാംപ്പെട്ടി കുടിയിലെത്തി കമ്പിളികളും സ്വെറ്ററുകളും കൈമാറി.
കൂടാതെ, മറയൂർ സഹായ ഗിരിയിൽ പ്രവർത്തിക്കുന്ന മഹിള സമഖ്യ സൊസൈറ്റിയിലെ കുട്ടികൾക്കു പഠനോപകരണങ്ങളും കമ്പിളികളും വിതരണം ചെയ്തു. ഗോത്രയുവതികളുടെ ശക്തീകരണത്തിനായി നടപ്പിലാക്കുന്ന ട്രൈബൽ ജനമൈത്രി പ്രോജക്ടിന്റെ ഭാഗമായി നാലു യുവതികൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനവും എട്ടു യുവതികൾക്ക് സൗജന്യ ടെയ്ലറിംഗ് പരിശീലനവും നൽകും. പരിശീലനങ്ങൾ പൂർത്തിയാക്കിയ സ്ഥാപന ഉടമകളെയും ചടങ്ങിൽ ആദരിച്ചു.
District News
കരിങ്കുന്നം : സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് വാര്‍ഷികം നടത്തി. മിയാവ് രൂപതാധ്യക്ഷനും സ്കൂള്‍ പൂര്‍വവിദ്യാര്‍ഥിയുമായ മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ വിവിധ മേഖലകളില്‍ പ്രശോഭിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് വടക്കേകണ്ടങ്കരിയില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേല്‍ മുഖ്യപ്രഭാഷണവും വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനവും നിര്‍വഹിച്ചു. സര്‍വീസില്‍നിന്നു വിരമിച്ച അധ്യാപകരെ മെമന്റോ നല്കി ചടങ്ങില്‍ ആദരിച്ചു.
കലാ,കായിക മേഖലകളില്‍ സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നമിത ഡിജിറ്റല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോന്, പഞ്ചായത്തംഗം ജോബി ജോസ്, സിസ്റ്റര്‍ റിന്‍സി, പിടിഎ പ്രസിഡന്റ് ജോസ് കളരിക്കല്‍, എംപിടിഎ പ്രസിഡന്റ് മേരി ജെന്‍സി, സീനിയര്‍ അസിസ്റ്റന്റ് ഷീബ സ്റ്റീഫന്‍, ഹൈസ്കൂള്‍ വിഭാഗം സീനിയര്‍ അസിസ്റ്റന്റ് റമിത ഡാനി, സ്റ്റാഫ് സെക്രട്ടറി സാലസ് ചാക്കോ, സ്കൂള്‍ ചെയര്‍പേഴ്സണ്‍ എസ്തര് എലിസബത്ത് വിജയ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
District News
തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന കലാമേള 17, 18 തീയതികളില്‍ തൊടുപുഴ അല്‍ അസ്ഹര്‍ കോളജില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ ഒമ്പതിന് ചലച്ചിത്രതാരം അനാര്‍ക്കലി മരയ്ക്കാര്‍ കലാമേള ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.ആര്. മോഹനചന്ദ്രന് അധ്യക്ഷത വഹിക്കും. ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, സംഘാടക സമിതി ചെയര്‍പേഴ്സണ്‍ കെ.പി. മേരി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍, കെജിഒഎ സംസ്ഥാന ട്രഷറര്‍ എ.ബിന്ദു എന്നിവര്‍ പ്രസംഗിക്കും.
25 ഇനങ്ങളിലായി ആറു വേദികളില്‍ നടക്കുന്ന മേളയില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നായി 1000 ഓളം പേര് പങ്കെടുക്കും. 18ന് ഉച്ച കഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ സിനിമാ സംവിധായകന് മിഥുന് മാനുവല്‍ തോമസ് മുഖ്യാതിഥിയാകും. കെജിഒഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ജയന് പി. വിജയന് എന്നിവര്‍ പ്രസംഗിക്കും.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. പത്രസമ്മേളനത്തില്‍ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ജയന് പി.വിജയന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍, പി.എസ്.അബദുള്‍ സമദ്, ഡോ. ബോബി പോള്‍, ഷെല്ലി ജയിംസ് എന്നിവര്‍ പങ്കെടുത്തു.
District News
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ്
മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍
തീര്‍ഥാടന ദേവാലയത്തില്‍
നെടുങ്കണ്ടം: നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ നടന്നുവരുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ 19ന് സമാപിക്കും.
നാളെ രാവിലെ 5.15ന് ആരാധന, വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന - ഏഴ് നവവൈദികര്‍, ഏഴിന് കലാസന്ധ്യ (സ്കൂളുകള്‍, സംഘടനകള്‍, കുടുംബ കൂട്ടായ്മകള്‍).
17ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന - ഫാ. ജോസഫ് കട്ടക്കയം, വചന സന്ദേശം - ഫാ. ജയിംസ് വലിയവീട്ടില്‍, ആറിന് ടൗണ്‍ പ്രദക്ഷിണം, 8.30ന് കലാവിസ്മയം (സാബു ആരക്കുഴയും സംഘവും).
18ന് രാവിലെ 7.30നും 10നും 12നും വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം - ഫാ. ജെറിന് കുഴിയന്‍പ്ലാവില്‍, ആറിന് പ്രദക്ഷിണം, എട്ടിന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, 8.30ന് സിനിമാ റിലീസും പ്രദര്‍ശനവും (ഗൃഹപാഠം).
19ന് രാവിലെ 5.15ന് സെമിത്തേരി സന്ദര്‍ശനം, വിശുദ്ധ കുര്‍ബാന, 7.15 ന് വിശുദ്ധ കുര്‍ബാന എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. തോമസ് വട്ടമല, അസി. വികാരി ഫാ. ചാക്കോ ആയിലുമാലില്‍ എന്നിവര്‍ അറിയിച്ചു.
മൈലക്കൊമ്പ് ഫൊറോന പള്ളിയില്‍
തൊടുപുഴ: മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ 17, 18 തീയതികളില്‍ ആഘോഷിക്കും. 17നു രാവിലെ 6.30നു വിശുദ്ധ കുര്‍ബാന, കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ. 7.30നു അമ്പെഴുന്നള്ളിക്കല്‍. ഉച്ചകഴിഞ്ഞ് 3.45നു ലദീഞ്ഞ്. നാലിന് പ്രദക്ഷിണം. അഞ്ചിന് നൊവേന. 5.15നു തിരുനാള്‍ കുര്‍ബാന-ഫാ. ജോര്‍ജ് പീച്ചാണിക്കുന്നേല്‍. പ്രസംഗം-ഫാ.സോമി പാണങ്കാട്ട്. 7.15ന് തിരിപ്രദക്ഷിണം. സമാപന പ്രാര്‍ഥന.
18നു രാവിലെ ആറിനും 7.30നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിന് അമ്പ് പ്രദക്ഷിണം. 5.15നു ലദീഞ്ഞ്. 5.30നു തിരുനാള്‍ കുര്‍ബാന-ഫാ. അഗസ്റ്റിന് നിരപ്പേല്‍. പ്രസംഗം-ഫാ. ജോര്‍ജ് എടത്തല. 7.30നു പ്രദക്ഷിണം, സമാപന പ്രാര്‍ഥന, സെമിത്തേരിയില്‍ പ്രാര്‍ഥന എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. മാത്യൂസ് മാളിയേക്കല്‍, അസി. വികാരി ഫാ. ജോസഫ് കുന്നുംപുറത്ത് എന്നിവര്‍ അറിയിച്ചു.
കാന്തിപ്പാറ പള്ളിയിൽ
കാന്തിപ്പാറ:കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക തിരുനാൾ നാളെ മുതൽ 18 വരെ നടക്കുമെന്ന് വികാരി ഫാ. ജോസ് പുതിയാപറമ്പിൽ അറിയിച്ചു. നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.45ന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം - ഫാ.അലക്സ് ചേന്നംകുളം, നൊവേന, തിരുശേഷിപ്പ് വണക്കം, ഉണ്ണിയപ്പം നേർച്ച.
17ന് വൈകുന്നേരം 3.45ന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന - ഫാ. തോമസ് പുത്തൂർ, 5.30 ന് പ്രദക്ഷിണം മാങ്ങാത്തൊട്ടി കുരിശുപള്ളിയിലേക്ക്, പ്രസംഗം - ഫാ. ജോസി പുതുപ്പറമ്പിൽ, വാദ്യമേളങ്ങൾ, ആകാശവിസ്മയം.18ന് രാവിലെ 10ന് കൂട്ടായ്മകളിൽനിന്നുള്ള അമ്പ് പ്രദക്ഷിണം പള്ളിയിലെത്തും. 10.15ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ. വിനീത് മേക്കൽ, വചനസന്ദേശം - ഫാ. ജിൻസ് കാരക്കാട്ട്,12.15ന് പ്രദക്ഷിണം, സമാപന പ്രാർഥന, സ്നേഹവിരുന്ന്, വൈകുന്നേരം 6.45ന് കൊല്ലം ബിബി ഓഡിയോസിന്റെ ഗാനമേള.19ന് മരിച്ചവരുടെ ഓർമ, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.
മുല്ലക്കാനം കപ്പേളയിൽ
മുല്ലക്കാനം: രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയുടെ മുല്ലക്കാനം സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി.ഇന്നും നാളെ യും വൈകുന്നേരം 5.30ന് വിശുദ്ധ കുർബാനയും നൊവേനയും നടക്കും.17ന് വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന - ഫാ. ജെയിൻ മാട്ടേൽ, നേർച്ച.18ന് വൈകുന്നേരം 4.30ന് ലദീഞ്ഞ്, നൊവേന, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം - ഫാ. ഐബിൻ കാരിശേരിൽ, പ്രദക്ഷിണം, നേർച്ച. വികാരി ഫാ. മാത്യു കരോട്ടു കൊച്ചറയ്ക്കൽ, സഹവികാരി ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്, ഫാ. ബിബിൻ ഇരട്ടച്ചിറ എന്നിവർ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും.
District News
നെടുങ്കണ്ടം: സിഎച്ച്ആര്‍ മേഖലയില്‍ വിവിധ ചട്ടങ്ങള്‍ പ്രകാരം നല്കിയ പട്ടയങ്ങളുടെ എണ്ണം, വിസ്തീര്‍ണം എന്നിവ സംബന്ധിച്ച് വിവരശേഖരണം നടത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും കാര്യങ്ങള്‍ സുപ്രീം കോടതിയെ ധരിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിഎച്ച്ആര്‍ മേഖലയിലെ പട്ടയ വിതരണം തടഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ വിധി പുനഃപരിശോധിക്കാന്‍ ആവശ്യമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
സിഎച്ച്ആറിന്റെ വിസ്തൃതി, ഈ മേഖലയില്‍ നല്കിയ പട്ടയങ്ങള്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതും സുപ്രീം കോടതി അനുമതിയോടെയാണ് ഈ മേഖലയില്‍ പട്ടയം നല്‍കിയതെന്ന കാര്യം സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ മറച്ചുവച്ചതുമാണ് പട്ടയവിതരണം തടയാന്‍ കാരണം.
കേസില്‍ സര്‍ക്കാര്‍ വ്യക്തമായ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നാണ് റവന്യു മന്ത്രിയും മന്ത്രി റോഷി അഗസ്റ്റിനും ജില്ലയിലെ ഇടതുനേതാക്കളും പറയുന്നത്. എന്നാല്‍, ഇതു കളവാണെന്ന് സത്യവാങ്മൂലം പരിശോധിച്ചാല്‍ വ്യക്തമാകും. ഒരു പഠനവും നടത്താതെയാണ് 2007ല്‍ ഈ കേസില്‍ സത്യവാങ്മൂലം നല്‍കിയത്. ഇതില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് 2024 ഒക്ടോബര്‍ 23 ന് ജില്ലാ ഭരണകൂടം നടത്തിയ വിവര ശേഖരണത്തില്നിന്നുതന്നെ വ്യക്തമാണ്. കോടതിയില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ് മൂലങ്ങളും ജില്ലാ ഭരണകൂടം ശേഖരിച്ച വിവരങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സിഎച്ച്ആര്‍ കേസുകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച നിരുത്തരവാദിത്വമാണ് തിരിച്ചടിയായത്. .
2007 വരെ സിഎച്ച്ആര്‍ മേഖലയില്‍ 1993 റൂള്‍ പ്രകാരം നല്‍കിയതായി സത്യവാങ്മൂലത്തില്‍ പറയുന്ന ആകെ പട്ടയങ്ങള്‍ 2024 പൂർത്തിയായിട്ടും നല്‍കിയിട്ടില്ല. ശേഖരിച്ച കണക്കിലെയും സത്യവാങ്മൂലത്തിലെയും പട്ടയങ്ങളുടെ എണ്ണത്തില്‍ 30,461 എണ്ണത്തിന്റെ വ്യത്യാസമുണ്ട്. സിഎച്ച്ആറിന്റെ ആകെ വിസ്തൃതി സംബന്ധിച്ചും തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുള്ളത്.
സര്‍ക്കാര്‍ വിവിധ കോടതികളില്‍ നല്കിയ സത്യവാങ്മൂലത്തിലും തിരുവതാംകൂര്‍ ഫോറസ്റ്റ് മാനുവലിലും വിവിധ വിജ്ഞാപങ്ങളിലും സിഎച്ച്ആറിന്റെ വിസ്തൃതി 333 മുതല്‍ 336 വരെ ചതുരശ്ര മൈലാണ്. എന്നാല്‍ 2007 ലും 2024 ലും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് 413 സ്ക്വയര്മൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതിയെന്നാണ്. സിഎച്ച്ആറില്‍ പട്ടയം നല്കിയ ഭൂമിയുടെ വിസ്തൃതി സംബന്ധിച്ച് സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കണക്കുകളില്‍ 11,513 ഏക്കര്‍ ഭൂമിയുടെ വ്യത്യാസമാണുള്ളത്.
സിഎച്ച്ആര്‍ കേസില്‍ സുപ്രീം കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പട്ടയ വിതരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടും യഥാര്‍ഥ വിവരങ്ങള്‍ കോടതിയില്‍ നിന്ന് മറച്ചുവച്ച് സര്‍ക്കാര്‍ മലയോര ജനതയെ വഞ്ചിക്കുകയാണെന്ന് ബിജോ മാണി കുറ്റപ്പെടുത്തി. അടിയന്തരമായി സത്യവാങ്മൂലങ്ങളിലെ തെറ്റുതിരുത്തി യഥാര്‍ഥ വസ്തുതകള്‍ കോടതിയെ ധരിപ്പിച്ച് പട്ടയ വിലക്ക് നീക്കാനും സിഎച്ച്ആര്‍ പ്രദേശം റവന്യൂ ഭൂമിയായി നിലനിര്‍ത്താനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരന്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആര്. രാമചന്ദ്രന്, മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് ജോസഫ്, എം.എസ്. മേശ്വരന്‍ എന്നിവരും പങ്കെടുത്തു.
പട്ടയങ്ങളുടെ എണ്ണം
(2024 ഒക്ടോബര്‍ 23 വരെ)
1) 1993 റൂള്‍ അനുസരിച്ചുള്ളവ - 21,014.
2) 1964 റൂള്‍ അനുസരിച്ചുള്ളത് - 24,868.
3) ഏല പട്ടയം, എല്‍ ടി പട്ടയം, ലക്ഷംവീട് പട്ടയം, ട്രൈബല്‍ പട്ടയം, സീറോ ലാന്‍ഡ് പട്ടയം, എച്ച്ആര്‍സി പട്ടയം, പുതുവല്‍ റൂള്‍ പ്രകാരമുള്ള പട്ടയങ്ങള്‍ ഉള്‍പ്പെടെ ആകെ - 55,650 പട്ടയങ്ങള്‍.
സിഎച്ച്ആറില്‍ നല്കിയ പട്ടയങ്ങളുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് 2023 ഒക്ടോബര്‍ ഏഴിനാണ്. അതിലെ വിവരങ്ങള്‍ ഇപ്രകാരമാണ്,
1) 5.11.2007 വരെ 1993 റൂള്‍ പ്രകാരം നല്കിയ പട്ടയങ്ങള്‍ 25,293.
2) 5.11.2007നു ശേഷം 1993 റൂള്‍ പ്രകാരം നല്കിയ പട്ടയങ്ങള്‍ 49,805.
3) 1964 റൂള്‍ പ്രകാരം നല്കിയ പട്ടയങ്ങള്‍ 11,013. ആകെ - 86,111
District News
മറയൂർ: മറയൂരിനടുത്തുള്ള പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ഇരച്ചിൽപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള പാതയുടെ വീതി കൂട്ടുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ ഡസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഇരച്ചിൽപ്പാറയ്ക്കും കച്ചാരം വെള്ളച്ചാട്ടങ്ങൾക്കുമായി രണ്ടു വർഷം മുമ്പ് അനുവദിച്ച 70 ലക്ഷം രൂപ (ഓരോന്നിനും 35 ലക്ഷം വീതം) ഉപയോഗിച്ചാണ് വികസനപ്രവർത്തനം നടത്തുന്നത്.
കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവൻരാജ് പാത വീതി കൂട്ടുന്ന പണിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിൽനിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ച് ചില ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തിരുന്നു.
ഇടക്കടവ്, പൊങ്ങുംപള്ളി, വണ്ണാന്തുറൈ, പാളപ്പെട്ടി തുടങ്ങിയ ഗ്രാമങ്ങളിലേക്കുള്ള ഏക യാത്രാ മാർഗമായ ഈ റോഡിൽ അവധി ദിനങ്ങളിൽ സഞ്ചാരികളുടെ തിരക്ക് കൂടുമ്പോൾ ഗതാഗതക്കുരുക്കും ഉണ്ടാകുന്നതാണ്. പാതയ്ക്കു മതിയായ വീതി ഇല്ലാത്തതാണ് പ്രധാന കാരണം.
ഇപ്പോഴത്തെ വികസനത്തോടെ യാത്രാദുരിതം ഗണ്യമായി കുറയുമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും പ്രതീക്ഷ. കോവിൽക്കടവ് ടൗണിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് മനോഹരമായ ഇരച്ചിൽപ്പാറ വെള്ളച്ചാട്ടം.